'ആരോഗ്യമന്ത്രിയെ കണ്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല'; കോഴിക്കോട് ഐസിയു പീഡനക്കേസ് അതിജീവിത സമരത്തിലേക്ക്
|എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരത്തിന് ഒരുങ്ങുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ നേരിൽ കണ്ട് പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അതിജീവിത പറഞ്ഞു . ഇനിയും നടപടിയില്ലെങ്കിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അതിജീവിത മീഡിയവണിനോട് പറഞ്ഞു.
മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കും എന്നാണ് മന്ത്രി അതിജീവിതക്ക് നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത പറയുന്നു. വിഷയത്തിൽ ഇത് വരെയുള്ള നടപടികൾ സംബന്ധിച്ച് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷക്ക് ലഭിക്കുന്ന മറുപടി കൂടി പരിഗണിച്ച് സമരമിരിക്കാനാണ് തീരുമാനമെന്നും അതിജീവിത പറഞ്ഞു.വുമൺ ജസ്റ്റിസ് അടക്കമുള്ള വനിതാ സംഘടനകളും അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ വെച്ച് അറ്റൻഡർ പീഡിപ്പിച്ചെന്ന് ആണ് പരാതി.