'ജോര്‍ജ്ജിന് പിശക് പറ്റി, ലൗ ജിഹാദ് ആര്‍.എസ്.എസ് സൃഷ്ടി'; കോടഞ്ചേരി മിശ്ര വിവാഹത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം
|പ്രണയ വിവാഹത്തിന്‍റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സി.പി.എം
കോടഞ്ചേരിയില്‍ രണ്ട് വ്യത്യസ്ത മതത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്തതില്‍ അസ്വാഭാവികത കാണേണ്ടതില്ലെന്ന് സി.പി.എം. കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സി.പി.എം പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഏത് മതവിഭാഗത്തില്‍പെട്ടവരില്‍ നിന്നും വിവാഹം ചെയ്യാന്‍ രാജ്യത്തെ നിയമ വ്യവസ്ഥ അനുവാദം നല്‍കുന്നുണ്ട്. മാത്രവുമല്ല വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യവുമാണ്. കോടഞ്ചേരി വിഷയത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ട് ഇറങ്ങിപോയി വിവാഹം ചെയ്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയതോടു കൂടി വിവാദങ്ങള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ചിലര്‍ ഇപ്പോഴും പ്രചരണങ്ങള്‍ തുടരുകയാണ്. സി.പി.ഐ.എമ്മിനെ ഈ വിഷയത്തില്‍ ബന്ധപ്പെടുത്തി പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് ചില മാധ്യമങ്ങളും തല്‍പ്പരകക്ഷികളും നടത്തിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം വ്യത്യസ്ഥ മതസ്ഥര്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്.
ഈ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ്ജ് എം തോമസ് നടത്തിയ പരാമര്‍ശങ്ങളില്‍ ചില പിശകുകള്‍ പറ്റിയതായി പാര്‍ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ പിശകുകള്‍ ജോര്‍ജ്ജ് എം തോമസ് തന്നെ അംഗീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലൗ ജിഹാദ് എന്നത് ആര്‍.എസ്.എസ് സൃഷ്ടിയാണെന്ന നിലപാട് സി.പി.ഐ.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആര്‍.എസ്.എസ് മത ന്യൂനപക്ഷങ്ങളെ അക്രമിക്കാനും വേട്ടയാടാനും നടത്തുന്ന പ്രചരണവും പ്രയോഗവുമാണിത്. ഇതുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്.
കോടഞ്ചേരി വിവാഹ വിഷയത്തെ മുന്‍നിര്‍ത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങള്‍ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണം. പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് മതമൈത്രിയും സമാധാനവും കാത്തു സൂക്ഷിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്നും കുപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.