Kerala
കെട്ടിട നമ്പർ ക്രമക്കേടിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് കോഴിക്കോട് മേയർ
Kerala

കെട്ടിട നമ്പർ ക്രമക്കേടിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് കോഴിക്കോട് മേയർ

Web Desk
|
27 Jun 2022 2:22 AM GMT

കോർപറേഷനിൽ സന്ദർശകർക്ക് രജിസ്റ്റർ ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു. ഓരോരുത്തരും എപ്പോൾ വന്നുവെന്നും എപ്പോൾ പുറത്തുപോയെന്നും കൃത്യമായി അതിൽ രേഖപ്പെടുത്തും.

കോഴിക്കോട്: കെട്ടിട നമ്പർ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നേരത്തേ തന്നെ സംശയമുണ്ടായിരുന്നുവെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ക്രമക്കേട് നടത്താനാവില്ല. എത്രപേർക്കെതിരെ നടപടി വന്നാലും ഒരു വിഷയവുമില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമെല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുദ്ധീകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട് മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു മേയർ.

കോർപറേഷനിൽ സന്ദർശകർക്ക് രജിസ്റ്റർ ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു. ഓരോരുത്തരും എപ്പോൾ വന്നുവെന്നും എപ്പോൾ പുറത്തുപോയെന്നും കൃത്യമായി അതിൽ രേഖപ്പെടുത്തും. കോർപറേഷൻ ഓഫീസിന്റെ രണ്ട് ഗേറ്റുകളിലും റവന്യൂ വിഭാഗത്തിലും എഞ്ചിനീയറിങ് വിഭാഗത്തിലും രജിസ്റ്റർ വെക്കുമെന്നും അവർ പറഞ്ഞു.

കോർപറേഷൻ പരിധിയിലെ ആറ് കെട്ടിടങ്ങളിലായി 15 കെട്ടിട നമ്പറുകൾ അനധികൃതമായി നൽകിയ സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടത്തിന് നമ്പർ നൽകിയ കേസിൽ രണ്ട് കോർപറേഷൻ ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് അറസ്റ്റിലായത്.

Related Tags :
Similar Posts