'എന്റെ കുഞ്ഞിനെ കടിച്ചാൽ ആ നായയെ തച്ചു കൊല്ലണം എന്ന് തന്നെയായിരിക്കും ഞാൻ പറയുക, സംശയം വേണ്ട'; കോഴിക്കോട് മേയർ ബീന ഫിലിപ്പ്
|'അവക്കും ജീവിക്കണം. നമുക്കും ജീവിക്കണം. അതിൽ നമുക്കും ജീവിക്കണം പ്രധാനമായതുകൊണ്ടാണ് ഇപ്പോൾ നമുക്ക് അവയെ വെടിവെച്ചു കൊല്ലാൻ സാധിക്കുന്നത്'
കോഴിക്കോട്: തെരുവ് നായ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. 'എന്റെ കുഞ്ഞിനെയോ അയല്‍പക്കത്തെ കുഞ്ഞിനെയോ കടിച്ചാൽ ആ നായയെ തച്ചുകൊല്ലണം എന്ന് തന്നെയായിരിക്കും എന്റെ സ്വാഭാവിക പ്രതികരണം. അതിൽ യാതൊരു സംശയവും വേണ്ട എന്നായിരുന്നു മേയർ പറഞ്ഞത്. എന്നാൽ ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരിക്കും മറുപടിയെന്നും അവർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ തെരുവ് നായകൾക്കുള്ള പേവിഷപ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മേയർ.
' നായയെ കൊല്ലുന്നവരോട് മാനിഷാദ എന്ന് പറയേണ്ടിവരും. ഇതേ മാധ്യമങ്ങൾ തന്നെ നായയെ കൊല്ലരുതേ എന്ന് ആവശ്യപ്പെടുന്ന ഗതികേട് വരും. പണ്ട് പട്ടികൾ പ്രസവിച്ചാൽ കുറച്ചെണ്ണത്തിനെ അത് തന്നെ തിന്നുമായിരുന്നു. അതിനൊക്കെ പ്രകൃതി സഹജമായ വാസനകൾ ഉണ്ട്. അത് അവയുടെ നിയന്ത്രണത്തിനും നിലനിൽപ്പിനും ആവശ്യമാണ്. ഇന്ന് നമ്മൾ ഇഷ്ടം പോലെ ഭക്ഷണം കിട്ടുന്നതുകൊണ്ട് പട്ടിക്ക് സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടി വരില്ല. അതുകൊണ്ട് പണ്ടുണ്ടായിരുന്നതിന്റെ എത്രയോ മടങ്ങ് പെറ്റുകൂട്ടതെന്നും അവർ പറഞ്ഞു.
'പച്ചമാംസങ്ങൾ വലിച്ചറിയരുത്. അവ വേണമെങ്കിൽ വേവിച്ച് കൊടുക്കാം. പച്ചക്ക് വലിച്ചെറിയുമ്പോ ചോരയുടെ മണം പിടിക്കുകയാണ്. അപ്പോൾ അവർ കാട്ടുപട്ടിയാകും. നാട്ടുപട്ടികൾ മനുഷ്യനോടൊപ്പം ജീവിച്ച് മനുഷ്യൻ കഴിക്കുന്ന ഭക്ഷണം കഴിച്ചു വരുന്നത് കൊണ്ട് അവര് ചോരയോട് ആസക്തിയുള്ളവരല്ല. അവക്കും ജീവിക്കണം. നമുക്കും ജീവിക്കണം. അതിൽ നമുക്കും ജീവിക്കണം പ്രധാനമായതുകൊണ്ടാണ് ഇപ്പോൾ നമുക്ക് അവയെ വെടിവെച്ചു കൊല്ലാൻ സാധിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കർശനമായ നിയമവും നിയന്ത്രണവും കൊണ്ടുവരണമെന്നും എല്ലാവർക്കും അതിന് അനുമതി നൽകരുതെന്നും മേയർ പറഞ്ഞു.