അവയവം മാറി ശസ്ത്രക്രിയ കുട്ടിയുടെ നാവിൽ കെട്ട് കണ്ടതിനെ തുടർന്നെന്ന് ഡോക്ടർ; പൊലീസ് മൊഴിയെടുത്തു
|നേരത്തെ സൂപ്രണ്ടിനുൾപ്പെടെ നൽകിയ മൊഴിയാണ് ഡോക്ടർ പൊലീസിനോടും ആവർത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറിശസ്ത്രക്രിയ നടത്തിയ കേസിൽ ഡോ. ബിജോൺ ജോൺസണെ പൊലീസ് ചോദ്യം ചെയ്തു. നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ മൊഴി നൽകി.
ഇന്ന് വൈകീട്ടാണ് ഡോക്ടറെ മെഡി.കോളജ് എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. നേരത്തെ സൂപ്രണ്ടിനുൾപ്പെടെ നൽകിയ മൊഴിയാണ് ഡോക്ടർ പൊലീസിനോടും ആവർത്തിച്ചത്.
കുട്ടിയുടെ ആറാം വിരൽ ശസ്ത്രക്രിയക്കെത്തിയപ്പോൾ നാവിലൊരു കെട്ട് കണ്ടു. അതിൽ അടിയന്തര പ്രാധാന്യത്തോടെ ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ടെന്ന മനസിലായതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ് ഡോക്ടറുടെ വാദം.
എന്നാൽ എന്തുകൊണ്ട് ഇക്കാര്യം തങ്ങളോട് പറഞ്ഞില്ലെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. ആറാം വിരൽ നീക്കാനെത്തിയ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ ചെയ്തത് തങ്ങളുടെ സമ്മതമില്ലാതെയാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, മൂന്നംഗ വിദഗ്ധ സംഘം ഡിഎംഇക്ക് റിപ്പോർട്ട് കൈമാറി. മെയ് 16നാണ് കോഴിക്കോട് മെഡി. കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയക്ക് ഇരയായത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്.
എന്നാൽ വിരലിന് പകരം കുട്ടിയുടെ നാവിന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഓപറേഷൻ തിയേറ്ററിൽ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറക്കിയപ്പോൾ വിരലിൽ കെട്ടൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായിൽ നടത്തിയല്ലോ എന്നായിരുന്നു മറുപടി.
വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറഞ്ഞിരുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരവീഴ്ചയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.