ഐ.സി.യു പീഡനക്കേസ് പ്രതി എം.എം ശശീന്ദ്രന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി
|ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസ് പ്രതി എം.എം ശശീന്ദ്രന്‍റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. സസ്പെന്‍ഷന്‍ കാലാവധി നാളെ അവസാനിക്കാരിനിക്കെയാണ് നടപടി. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് അറ്റന്‍റര്‍ ഗ്രേഡ് വണ്‍ തസ്തികിയിലുള്ള എം.എം ശശീന്ദ്രനെ സസ്പെന്‍റ് ചെയ്തത്.
പ്രാഥമികാന്വേഷണത്തില്‍ ശശീന്ദ്രന്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ആറു മാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്ത ശശീന്ദ്രനിപ്പോള്‍ ജാമ്യത്തിലാണ്. ഇയാളുടെ സസ്പെന്‍ഷന്‍ കാലാവധി സെപ്തംബര്‍ 20ന് അവസാനിക്കും. ശശീന്ദ്രനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
ഡി.എം.ഇയുടെ നിര്‍ദ്ദേശപ്രകാരം മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്. ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് ആശുപത്രി നിയോഗിച്ച മൂന്നംഗ സമിതിയും കണ്ടെത്തിയിരുന്നു. ഇയാളെ സര്‍വ്വീസില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ആരോഗ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്.