Kerala
കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; ഏഴ് മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാതെ പ്രതികൾ
Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് അക്രമം; ഏഴ് മണിക്കൂർ ചോദ്യം ചെയ്തിട്ടും സഹകരിക്കാതെ പ്രതികൾ

Web Desk
|
18 Sep 2022 6:59 AM GMT

സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകൾ ഇതുവരെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആക്രമണത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നില്ല. സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകൾ ഇതുവരെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും കോടതിയിൽ ഹാജരാക്കി.

അതേസമയം കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ.അക്ബറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. ''ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതിൽ പാര്‍ട്ടി ഇടപെടില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിൻറെ മറവിൽ വീടുകളിൽ എത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയുടെ പിന്നാലെ പോയി വരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു. 'പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല' എന്നും പൊലീസുകാർ ഭീഷണിപ്പെടുത്തി. കമ്മീഷണർ അനാവശ്യമായി ഇടപെടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്''. പി മോഹനന്‍ പറഞ്ഞു.

ഒരു പ്രതികളെയും സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വം ഒളിവിൽ പാർപ്പിച്ചിട്ടില്ല. അങ്ങനെ ഒളിവിൽ പാർപ്പിച്ചാൽ പൊലീസിന് അവരെ കണ്ടെത്താന്‍ കഴിയില്ലെന്നും മോഹനന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കൽ കോളജ് വിഷയത്തിലും ആവിക്കൽ വിഷയത്തിലും കമ്മീഷണർക്ക് ഇരട്ട നയമാണെന്നു പറഞ്ഞ പി.മോഹനന്‍ കമ്മീഷണറുടെ മൂക്കിന് താഴെയാണ് ആവിക്കൽതോടെന്നും അവിടെ പൊലീസിനെ ആക്രമിച്ച തീവ്രവാദികൾക്ക് ജാമ്യം കിട്ടുന്നതിന് കമ്മീഷണർ മൃദുസമീപനം സ്വീകരിച്ചെന്നും ആരോപിച്ചു.

Similar Posts