വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാനാകുന്നില്ല; കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ രാത്രിയാത്രാ നിരോധന സമയം കൂട്ടിയേക്കും
|പുതിയ നീക്കം ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിൽ
വയനാട്: കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ രാത്രിയാത്രാ നിരോധന സമയം കൂട്ടാൻ ആലോചന. നിലവിൽ രാത്രി ഒമ്പത് മുതൽ ആരംഭിക്കുന്ന യാത്രാ നിരോധനം വൈകിട്ട് ആറ് മുതലാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് കർണാടക വനം വകുപ്പിന്റെ നീക്കം.
നിലവിലുള്ള നിരോധനം വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയാവില്ലെന്ന വിലയിരുത്തിയാണ് യാത്രാ നിരോധന സമയം കൂട്ടാൻ കർണാടക വനംവകുപ്പ് ആലോചിക്കുന്നത്. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ ചരക്ക് ലോറിയിടിച്ച് കഴിഞ്ഞ ദിവസം കാട്ടാന ചരിഞ്ഞതോടെയാണ് കർണാടക വനംവകുപ്പ് ആലോചനകൾ സജീവമാക്കിയത്. എന്നാൽ, യാത്രാ നിരോധന സമയം ദീർഘിപ്പിക്കുന്നത് പരിഹാരമല്ലെന്നും ജനജീവിതം കൂടുതൽ ദുസ്സഹമാക്കാനേ ഇതുപകരിക്കൂ എന്നുമാണ് ഇരുസംസ്ഥാനങ്ങളിലെയും അതിർത്തി ജില്ലകളിൽ നിന്നുള്ളവരുടെ പ്രതികരണം.
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ ശിപാർശയെ തുടർന്ന് 2009 ലാണ് കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയരുകയും നിരോധനത്തിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ ഉൾപ്പെടെ സമീപിക്കുകയും ചെയ്തെങ്കിലും നിരോധനത്തിന് മാറ്റമുണ്ടായില്ല.
നിലവിൽ ബാവലി വഴിയുള്ള മൈസൂർ മാനന്തവാടി പാതയിൽ 12 മണിക്കൂർ രാത്രി യാത്ര നിരോധനമാണുള്ളത്. ബന്ദിപ്പൂരിലെ യാത്രാനിയന്ത്രണവുംകൈവുന്നേരം ആറ് മുതൽ രാവിലെ ആറ് മണി വരെ ആക്കിയാൽ കേരളത്തിലുള്ളവരുടെ യാത്രാദുരിതം കൂടും.