Kerala
Kozhikode Nipah imposed restrictions
Kerala

നിപ: കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Web Desk
|
14 Sep 2023 12:51 AM GMT

നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീരിച്ചത്.

കോഴിക്കോട്: ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം മൂന്നായി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കൂടി നിപ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 11 പേരുടെ ഫലം ഇന്ന് ലഭിക്കും. നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യപിച്ചു. ആൾക്കൂട്ടം ഒഴിവാക്കാൻ ഉത്സവം, വിവാഹം എന്നിവയിലെ പങ്കാളിത്തത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കുള്ള ആന്റിബോഡിയും മൊബൈൽ പരിശോധനാ ലാബും ഇന്നെത്തും.

നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര സ്വദേശി ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് ഇന്നലെ പുതുതായി നിപ സ്ഥീരീരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ നിപ ബാധ സ്ഥീരികരിച്ചവരുടെ എണ്ണം മൂന്നായി. ആദ്യം മരണപ്പെട്ടയാളുടെ ഒമ്പത് വയസുകാരൻ മകൻ വെന്റിലേറ്ററിൽ തുടരുകയാണ്. നിപ ബാധിച്ചവർക്കുള്ള മോണോക്ലോണൽ ആന്റി ബോഡി ഇന്ന് എത്തും. 20പേർ രോഗലക്ഷണങ്ങളോട ചികിത്സയിലാണ്. ഇവരിൽ 13 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.

11 സാമ്പിളുകൾ കൂടി പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിച്ചവരുടെ സമ്പർക്കത്തിലുള്ള 789 പേരെ നിരീക്ഷിച്ചുവരികയാണ്. ജില്ലയിലെ പൊതുപരിപാടികൾ ജില്ലാ കലക്ടർ നിരോധിച്ചു. പൊതുപരിപാടികളും കലാകായിക പരിപാടികളും മാറ്റിവെക്കണം. ഉത്സവങ്ങൾ ചടങ്ങുകൾ മാത്രമാക്കി നടത്തണം. വിവാഹ സത്ക്കാര പരിപാടികൾ പൊലീസ് സ്റ്റേഷനില് അറിയിച്ച് ആൾക്കൂട്ടമില്ലാതെ നടത്താനാണ് നിർദേശം. പുതിയ സാഹചര്യത്തിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചേക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബും വവ്വാൽ സർവേക്ക് അടക്കമുള്ള കേന്ദ്ര സംഘങ്ങളും ഇന്നെത്തും.

Similar Posts