ധീരജവാന് വിട; സുബേദാര്‍ ശ്രീജിത്തിന്‍റെ മൃതദേഹം സംസ്കരിച്ചു
|പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് പൂക്കോട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം
കശ്മീരിലെ രജൌരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് നായിബ് സുബേദാര്‍ ശ്രീജിത്തിന് ജന്‍മനാട് വിട നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് പൂക്കോട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ സേനാ മെഡല്‍ നേടിയ ധീരനായ സൈനികന്‍.നാട്ടുകാര്‍ക്ക് ഏറ്റവും പ്രിയങ്കരനായ എം ശ്രീജിത്ത്. അടുത്ത മാസം അവധിക്ക് വരാനിരുന്ന വീട്ടിലേക്ക് പക്ഷേ ചേതനയറ്റ ശരീരമായാണ് ശ്രീജിത്തെത്തിയത്.രാത്രി എട്ടരക്ക് പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൌതിക ശരീരം ഒരു മണിയോടെയാണ് വീട്ടിലെത്തിയത്.രാവിലെ ഏഴുമണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. ടെറിട്ടോറിയല്‍ ആര്‍മി,ബി എസ് എഫ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മകന്‍ അതുല്‍ജിത്ത് ചിതക്ക് തീ കൊളുത്തി. തുടര്‍ന്ന് അനുശോചന യോഗം ചേര്‍ന്നു. കാനത്തില്‍ ജമീല എം എല്‍ എ,കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു,കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി ജോര്‍ജ് തുടങ്ങിയവരും സംസ്കാര ചടങ്ങിനെത്തിയിരുന്നു.