മാമി തിരോധാനക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും
|പൊലീസ് അന്വേഷണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കുടുംബം ഇന്ന് പരാതി നൽകും
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദെന്ന മാമിയുടെ തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. കേസിൽ മാമിയുടെ മകൾ അദീബയിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. പൊലീസ് അന്വേഷണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കുടുംബം ഇന്ന് പരാതി നൽകും .
ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശന്‍റെ മേൽനോട്ടത്തിലാണ് ആട്ടൂർ മുഹമ്മദെന്ന മാമി തിരോധാനക്കേസ് അന്വേഷിക്കുന്നത്. ഡിവൈ എസ്‍പി യു. പ്രേമനാണ് അന്വേഷണച്ചുമതല. മാമിയുടെ മകൾ അദീബയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ക്രൈംബ്രാഞ്ച് ഇന്ന് വിശദമായ മൊഴിയെടുക്കും. ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. ഇതിന് ശേഷമാകും അന്വേഷണം തുടങ്ങുക. പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ച ചൂണ്ടിക്കാണിച്ച മകളും ആക്ഷൻ കമ്മിറ്റിയും ക്രൈംബ്രാഞ്ചിൽ പരാതി നൽകും. നടക്കാവ് പൊലീസാണ് മാമിയുടെ കേസ് ആദ്യം അന്വേഷിച്ചത്. ഈ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
പിന്നാലെ പ്രത്യേക സംഘവും അന്വേഷിച്ചു. മാമി തിരോധാനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. സിബിഐക്ക് വിടാമെന്ന് പ്രത്യേക അന്വേഷണ സംഘം ശിപാർശ നൽകിയതിനിടയിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ മാമിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തും.