Kerala
train fire case
Kerala

'ലോക്കൽ പൊലീസിനെ പോലും അറിയിക്കാതിരുന്നത് യാത്രയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

Web Desk
|
6 April 2023 5:34 AM GMT

മതിയായ സുരക്ഷയില്ലാതെ മൂന്നു പൊലീസുകാർ വിജനമായ സ്ഥലത്ത് കഴിച്ചുകൂട്ടിയത് ഒരു മണിക്കൂറോളമാണ്

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു. മഹാരാഷ്ട്ര എ.ടി.എസ് കൈമാറിയ പ്രതിയുമായി മൂന്ന് പൊലീസുകാർ മാത്രമാണ് ഒരു വാഹനത്തിൽ കേരളത്തിലെത്തിച്ചത്. എന്നാൽ വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറാകുകയും മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങുകയും ചെയ്തു. എന്നാൽ യാത്രയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനായിരുന്നു ലോക്കൽപൊലീസിനെ പോലും അറിയിക്കാതെ പ്രതിയുമായി കേരളത്തിലെത്തിയതെന്നാണ് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത്.

സാധാരണ അത്യപൂർവമായ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുമായി പോകുമ്പോൾ ചെയ്യുന്നത് പോലെ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ പൈലറ്റ് വാഹനം അയക്കുകയോ ചെയ്തിരുന്നില്ല. കണ്ണൂർ മേലൂർ മാമാക്കുന്ന് വെച്ച് പ്രതിയുമായി എത്തിയ വാഹനം ഒരുമണിക്കൂറിലധികം പഞ്ചറായി പെരുവഴിയിൽകുടുങ്ങിയിട്ടും അരമണിക്കൂറിന് ശേഷമാണ് ഒരു പൊലീസുകാരൻ അങ്ങോട്ട് എത്തിയത്. അതേസമയം, പ്രതിയുമായി പൊലീസ് എത്തുന്ന കാര്യം എല്ലാവർക്കുമറിയാമായിരുന്നു. കണ്ണൂരിൽ എത്തിയത് മുതൽ മാധ്യമപ്രവർത്തകരും പ്രതിയുടെ വാഹനത്തെ പിന്തുടർന്നിരുന്നു.

ബുധനാഴ്ച പുലർച്ച 5.30 ന് മഹാരാഷ്ട്ര എ.ടി.എസ് പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരള പൊലീസിന് കൈമാറുന്നത്. ഉച്ചക്ക് 1.15 ഓടെയാണ് കാസർകോഡ് ഡി.വൈ.എസ്.പിയുടെ ബന്ധുവിന്റെ ഉടമസ്ഥതയോടെ വെള്ള ഇന്നോവ കാറിൽ പ്രതിയുമായി രത്‌നഗിരിയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. മൂന്ന് ഉദ്യോഗസ്ഥർമാത്രമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്.

തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിലാണ് സെയ്ഫിയെ കൊണ്ടുവന്നത്. അതിനുശേഷം ഫോർച്ചുണർ കാറിലേക്ക് പ്രതിയെ മാറ്റി പുലർച്ചെ ഒരു മണിയോടെ കേരള അതിർത്തി കടന്നു. 3.20ഓടെ വാഹനം കണ്ണൂർ വളപട്ടണത്തെത്തി. ചാല ബൈപാസിലെത്തിയപ്പോഴാണ് വഴിതെറ്റിയത്. കൂത്തുപറമ്പ് റോഡിൽ കുറേദൂരം സഞ്ചരിച്ചപ്പോഴാണ് വഴി തെറ്റിയെന്ന് ഡ്രൈവർക്ക് മനസ്സിലായത്. തുടർന്ന് മമ്മാക്കുന്ന് പാലം വഴി തലശ്ശേരിക്ക് പോകുന്നതിനിടെ മേലൂരിൽ വെച്ച് വാഹനത്തിൻറെ ടയർ പഞ്ചറായി.

അരമണിക്കൂറിനു ശേഷം എടക്കാട് സ്റ്റേഷനിൽ നിന്ന് ബൊലേറോ ജീപ്പെത്തി. ഈ വാഹനവും സ്റ്റാർട്ടാവാത്തതിനെ തുടർന്ന് വീണ്ടും അര മണിക്കൂറോളം പ്രതിയുമായി പൊലീസ് പെരുവഴിയിലായി. അപ്പോഴേക്കും പ്രദേശവാസികൾ തടിച്ചുകൂടി. തുടർന്ന് 4.45ഓടെ സ്വകാര്യ വാഗണർ കാറിലാണ് ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. മതിയായ സുരക്ഷയില്ലാതെ മൂന്നു പൊലീസുകാർ വിജനമായ സ്ഥലത്ത് കഴിച്ചുകൂട്ടിയത് ഒരു മണിക്കൂറോളമാണ്.

സെയ്ഫിയുടെ ചോദ്യംചെയ്യൽ നടപടികൾക്കായി എഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോഴിക്കോട് മാലൂർക്കുന്ന് എആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ട്രെയിനിൽ എന്തിന് തീ കൊളുത്തിയെന്ന ചോദ്യത്തിന് തൻറെ കുബുദ്ധിയെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകിയെന്ന് പൊലീസ്. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തില്ല. കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്‌നഗിരിയിലേക്ക് യാത്ര ചെയ്‌തെന്നും ഷാരൂഖ് സെയ്ഫി മൊഴി നൽകിയെന്ന് പൊലീസ് പറയുന്നു.


Similar Posts