Kerala
യുഡിഎഫ് 80 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്
Kerala

യുഡിഎഫ് 80 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്

Web Desk
|
19 April 2021 2:48 PM GMT

സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ പ്രകടമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പെന്ന് കെപിസിസി വിലയിരുത്തല്‍. 80 സീറ്റ് നേടി അധികാരത്തില്‍ വരും. സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ പ്രകടമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഡിസിസി പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് വിലയിരുത്തല്‍.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിന്റേതാണ് വിലയിരുത്തല്‍. അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യുഡിഎഫിന് ഊര്‍ജ്ജമായെന്നും കെപിസിസി വിലയിരുത്തി.

നേമത്ത് നല്ല പോരാട്ടമാണ് യുഡിഎഫ് നടത്തിയതെന്ന് യോഗം വിലയിരുത്തി. നേമത്ത് പരാജയം മുന്നില്‍ കണ്ട സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും വോട്ട് മറിക്കുകയും ചെയ്തു. ഇതൊന്നും നേമത്ത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളില്‍ ഉജ്ജ്വല വിജയം നേടുമെന്നാണ് അവകാശവാദം. ട്വന്റി 20 ഉയര്‍ത്തിയ വെല്ലുവിളി അഭിമുഖീകരിച്ച കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ യുഡിഎഫിന് മുന്നേറാന്‍ സാധിച്ചു. സിപിഎമ്മും ബിജെപിയും മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം.

പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് തടയുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. എല്ലാ നിയോജക മണ്ഡലത്തിലേയും സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കി തപാല്‍ വോട്ടിന്റെ കൃത്യമായ കണക്ക് ആവശ്യപ്പെടണം. തപാല്‍ വോട്ടിന്റെ മറവില്‍ വ്യാകമായ ക്രമക്കേട് എല്ലാ മണ്ഡലങ്ങളിലും നടന്നെന്നും കൃത്രിമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഎമ്മാണെന്നും നേതാക്കള്‍ ആരോപിച്ചു.

Similar Posts