കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കി; കോട്ടയം യു.ഡി.എഫിൽ വീണ്ടും പോസ്റ്റർ വിവാദം
|സംസ്ഥാന സർക്കാരിനെതിരെ ജില്ലയിൽ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് യു.ഡി.എഫിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
കോട്ടയം: കോട്ടയത്ത് യു.ഡി.എഫിൽ വീണ്ടും പോസ്റ്റർ വിവാദം. യു.ഡി.എഫ് പരിപാടിയുടെ പോസ്റ്ററിൽ കെ.പി.സി.സി അധ്യക്ഷന്റെയും ഡി.സി.സി അധ്യക്ഷന്റെയും പടം ഒഴിവാക്കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. മനപ്പൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
സംസ്ഥാന സർക്കാരിനെതിരെ ജില്ലയിൽ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം പരിപാടിയുടെ പോസ്റ്ററിനെ ചൊല്ലിയാണ് യു.ഡി.എഫിൽ വീണ്ടും പൊട്ടിതെറിയുണ്ടായത്. പ്രതിപക്ഷനേതാവ് ഉദ്ഘാടകനായ പരിപാടിയുടെ പോസ്റ്ററിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും ചിത്രങ്ങളോ പേരോ ഇല്ലെന്നാണ് പരാതി.
പോസ്റ്റർ യു.ഡി.എഫ് നേതൃത്വം സോഷ്യൽ മീഡിയായിൽ പങ്കുവെച്ചതോടെ പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇതോടെ ഒഴിവാക്കിയ നേതാക്കളെ ഉൾപ്പെടുത്തി മറ്റൊരു പോസ്റ്റർ യു.ഡി.എഫ് പുറത്തിറക്കി. മനപ്പൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
മാസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവ് ജില്ലയിൽ പങ്കെടുത്ത പരിപാടിയിലും ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ പോസ്റ്റർ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഈ പരിപാടിയിൽ നിന്നും ഡി.സി.സി പ്രസിഡന്റ് വിട്ടുനിൽക്കുന്ന സാഹചര്യവും ഉണ്ടായിയിരുന്നു.