പി.ടി മോഹനകൃഷ്ണൻ അനുസ്മരണത്തിൽ ഗവർണർ: പരസ്യ പ്രതികരണം വേണ്ടെന്ന് കോൺഗ്രസ്
|എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിൽ ഉദ്ഘാടകനായി
മലപ്പുറം: എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിൽ പരസ്യപ്രതികരണത്തിനു വിലക്ക്. മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ് സർക്കുലർ ഇറക്കിയത്. സംഘടനാപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉന്നയിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. വസ്തുനിഷ്ഠാപരമായ പരാതി കിട്ടിയാൽ നടപടിയെടുത്ത ശേഷം മാത്രമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂവെന്നും മുന്നറിയിപ്പുണ്ട്.
ജനുവരി 10ന് പൊന്നാനിയിലാണ് പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടകൻ. സംഘ്പരിവാറിനായി പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ മതേതരത്വത്തിനായി പ്രവർത്തിച്ച പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ രംഗത്തെത്തി.
ഇതിനു പിന്നാലെ വിശദീകരണവുമായി യു.ഡി.എഫ് ജില്ലാ ചെയർമാനും മോഹനകൃഷ്ണന്റെ മകനുമായ പി.ടി അജയമോഹനുമെത്തി. ഗവർണർ പങ്കെടുക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
Summary: KPCC bans open criticism against the participation of Governor Arif Mohammad Khan in PT Mohanakrishnan's commemoration program