ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കി കെപിസിസി
|പ്രചാരണ പരിപാടികൾക്ക് കോഴിക്കോട് നിന്ന് തുടക്കം കുറിക്കും
ഏകീകൃത സിവിൽ കോഡിനെതിരെ പ്രചാരണ പരിപാടികൾ നടത്താൻ കെപിസിസി വിശാല എക്‌സിക്യുട്ടീവിൽ ധാരണ. പ്രചാരണ പരിപാടികൾക്ക് കോഴിക്കോട് നിന്ന് തുടക്കം കുറിക്കും. ഏകീകൃത സിവിൽകോഡിനെതിരെ തെരുവിലുള്ള പ്രക്ഷോഭത്തിലേക്ക് ആദ്യ ഘട്ടത്തിൽ കടക്കില്ല. പകരം എല്ലാ വിഭാഗം ജനങ്ങളേയും അണി നിരത്തിയുള്ള പ്രചാരണം സംഘടിപ്പിക്കും. കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഏക സിവിൽകോഡ് ബാധിക്കുന്ന എല്ലാ വിഭാഗങ്ങളേയും വേദിയിൽ എത്തിക്കാനാണ് ശ്രമം. ഏകീകൃത സിവിൽകോഡിനെതിരെ കെപിസിസി പ്രമേയം പാസാക്കുകയും ചെയ്തു.
ഏകീകൃത വ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ആവർത്തിച്ചു പറയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമുദായിക, വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്ന ഗൂഢലക്ഷ്യമിട്ടാണ് സിപിഎം രംഗത്തുവന്നിരിക്കുന്നതെന്നും വിമർശിച്ചു.
വിശാല എക്‌സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിന് എതിരെ കടുത്ത വിമർശനമാണ് എ ഗ്രൂപ്പ് ഉയർത്തിയത്. പല വിഷയങ്ങളിലും തുടക്കത്തിൽ വേണ്ടത്ര കൂടിയാലോചന നടത്താതെ പിന്നീട് കൈകാലിട്ട് അടിക്കുന്ന രീതിയാണെന്നായിരുന്നു പ്രധാന വിമർശനം. വിവിധ വിഷയങ്ങളിൽ കെപിസിസി നേതൃത്വം മതിയായ കൂടിയാലോചന നടത്തുന്നില്ലെന്ന് എ ഗ്രൂപ്പ് നേതൃയോഗത്തിൽ വിമർശനം ഉയർത്തി. തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിനായി ഹൈബി ഈഡൻ നീക്കം നടത്തിയത് അനവസരത്തിലാണെന്ന് കൊടിക്കുന്നിൽ സുരേഷും കുറ്റപ്പെടുത്തി.
ബ്ലോക്കിലേത് പോലെ തന്നെ മണ്ഡലം തലത്തിലും പുനസംഘടന നടത്തിയാൽ ഐക്യം ഇല്ലാതാവുമെന്ന് ബൈന്നി ബഹനാൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. 110 ബ്ലോക്ക് പ്രസിഡൻറുമാരെ നിശ്ചയിച്ചത് ഏകപക്ഷീയമായിട്ടാണെന്ന് കെ സി ജോസഫ് കുറ്റപ്പെടുത്തി. അതിനാൽ മണ്ഡലം പുനസംഘടനയിൽ മാനദണ്ഡം വേണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു. പുനസംഘടനയിൽ പട്ടികജാതി -പട്ടിക വർഗ പ്രാതിനിധ്യം അർഹതപ്പെട്ടത് പോലെയുണ്ടായില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിൻറെ പരിഭവം. മണ്ഡലം പുനസംഘടനയിൽ അത് പരിഹരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. പാർട്ടിയോട് അലോചിക്കാതെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് ഹൈബി ഈഡൻ നോട്ടീസ് നൽകിയത് തെറ്റായ നടപടിയാണെന്ന വിമർശനവും കൊടിക്കുന്നിൽ യോഗത്തിൽ ഉയർത്തി.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്‌ലിം സംഘടനകൾക്ക് ഉറപ്പു നൽകി. 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു. ഫോണിലൂടെയാണ് കേരളത്തിലെ മുസ്ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്. ഏകസിവിൽകോഡ് രാജ്യത്ത് വേണ്ട എന്ന കാര്യം 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി. ഈ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളതെന്നും അതിനാൽ മുസ്ലിം സംഘടനകൾക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുന്നുവെന്ന ആക്ഷേപം സിപിഎം അടക്കം ഉയർത്തിയിരുന്നു. ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിമർശനങ്ങൾ ഉയർന്നിരുന്നത്. എന്നാൽ, കരട് രേഖ പുറത്തിറങ്ങിയ ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പിന്നാലെ, രൂക്ഷവിമർശനവുമായി സിപിഎം അടക്കം രംഗത്തെത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുസ്ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്.
05.07.23 ൽ ഇന്ദിരാഭവനിൽ ചേർന്ന കെപിസിസി നേതൃയോഗം പാസാക്കിയ ഏകീകൃത വ്യക്തി നിയമം സംബന്ധിച്ച രാഷ്ട്രീയ പ്രമേയം
'ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ആവർത്തിച്ചു പറയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാമുദായിക, വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്ന ഗൂഢലക്ഷ്യമിട്ടാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല.
രാജ്യം മുഴുവൻ ഒരു നിയമം എന്നാണ് ഏകവ്യക്തിനിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്കെല്ലാം എല്ലാ ജനവിഭാഗങ്ങൾക്കും ഒരൊറ്റ നിയമം എന്നാണ് ഏകവ്യക്തി നിയമം ലക്ഷ്യമിടുന്നത്. രാജ്യത്തെ വൈവിധ്യങ്ങൾ നിലനിൽക്കുന്നത് വിവിധങ്ങളായ വ്യക്തിനിയമങ്ങൾ മൂലമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തിനിയമം ഏകീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. മോദി സർക്കാർ 2016ൽ നിയോഗിച്ച ജസ്റ്റിസ് ബിഎസ് ചൗഹാൻ നിയമ കമ്മീഷൻ 2018ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏകവ്യക്തി നിയമം ഇപ്പോൾ നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇതു നടപ്പാക്കാൻ രാഷ്ട്രത്തിന്റെ രാഷ്ട്രീയ, സാമൂഹിക പൊതുസാഹചര്യം പരുവപ്പെട്ടിട്ടില്ലെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച കരട് ബില്ലിനു പോലും രൂപം കൊടുക്കാതെ, ചർച്ചകൾ നടക്കുന്ന വേളയിലാണ് ഇതു നടപ്പാക്കുമെന്ന് രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി നേതാക്കൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പകളിലും ബിജെപി ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നെങ്കിലും നടപ്പാക്കിയില്ല. എന്നാൽ ഇതിന്റെ വിദ്വേഷ പ്രചാരണ സാധ്യത മാത്രം കണ്ടുകൊണ്ടാണ് ഇപ്പോൾ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചത്.
ഏകവ്യക്തിനിയമത്തിൽ നിന്ന് ആദിവാസി, ഗോത്ര വിഭാഗങ്ങളെ മാറ്റി നിർത്തണമെന്ന് രണ്ട് ബിജെപി മുഖ്യമന്ത്രിമാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകവ്യക്തി നിയമം ചർച്ച ചെയ്ത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ സുശീൽ മോദി, ഈ നിയമം ഗോത്രവിഭാഗങ്ങൾക്ക് ബാധകമാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കുള്ളിൽ പോലും ഇതു സംബന്ധിച്ച് മൂർച്ചയേറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു വ്യക്തം. തെരഞ്ഞെടുപ്പ് വർഷത്തിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ഇടയിൽ ഭിന്നത വളർത്താനാണ് സംഘപരിവാർ സംഘടനകളുടെ ശ്രമം.
ഏകവ്യക്തി നിയമം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്ന മട്ടിൽ പ്രചാരണം നടത്തി അതിൽനിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം മുമ്പും പല തവണ പയറ്റിയിട്ടുള്ള ആയുധമാണിത്. 1985ൽ ഷാബാനു കേസിൽ കോടതി വിധി വന്നതിനെ തുടർന്ന് ഏകവ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തെരഞ്ഞടുപ്പിൽ ശരീഅത്തിനെ കടന്നാക്രമിച്ച് ഹിന്ദുവർഗീയത ഇളക്കിവിടുകയാണ് ഇഎംഎസ് ചെയ്തത്. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നിയമനിർമാണത്തിലൂടെ മുസ്‌ലിം ജനവിഭാഗത്തിന് സംരക്ഷണം നൽകിയത്. ന്യൂനപക്ഷ താത്പര്യങ്ങൾക്കു വിരുദ്ധമായി ഏകവ്യക്തി നിയമം നടപ്പാക്കാൻ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തണമെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആഹ്വാനം.
പൗരത്വനിയമവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകൾ പിൻവലിക്കുമെന്ന് നിയമസഭയിൽ ഉറപ്പുനൽകിയിട്ടും അതു സിപിഎം നടപ്പാക്കിയില്ല എന്നത് അവരുടെ മറ്റൊരു ഇരട്ടത്താപ്പിന് ഉദാഹരണമാണ്. അന്നു രജിസ്റ്റർ ചെയ്ത 835 കേസിൽപ്പെട്ടവർ ഇപ്പോൾ കോടതി കയറിയിറങ്ങുന്നു. അന്നു പ്രക്ഷോഭത്തിനിറങ്ങിയവർ കോടതിക്കേസുകളിൽ കുടുങ്ങിക്കിടക്കുമ്പോൾ വീണ്ടും എല്ലാവരെയും സമരം ചെയ്യാൻ സിപിഎം ക്ഷണിച്ചത് വിചിത്രമാണ്.
ഏകവ്യക്തി നിയമത്തിനെതിരേ കോൺഗ്രസിന് വ്യക്തവും ശക്തവുമായ നിലപാടാണുള്ളത്. ഏകവ്യക്തിനിയമം അനാവശ്യമാണെന്നും ബിൽ അവതരിപ്പിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നുമാണ് മുൻ കേന്ദ്രമന്ത്രിയും എഐസിസി മാധ്യമ വിഭാഗം മേധാവിയുമായ ജയറാം രമേശ് പത്രസമ്മേളനത്തിൽ പകൽപോലെ വ്യക്തമാക്കിയത്. മൂന്നാം തീയതി ചേർന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഏകവ്യക്തി നിയമം നടപ്പാക്കുന്നതിനെതിരേ കോൺഗ്രസ് അംഗങ്ങൾ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകവ്യക്തി ബിൽ പാർലമെന്റിൽ വരുമ്പോൾ ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതു മുതൽ വിവിധ ഘട്ടങ്ങളിൽ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയർന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാർട്ടി കോൺഗ്രസാണ്. സിപിഎം ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ വിവിധ ഘട്ടങ്ങളിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.
2018ലെ കേന്ദ്രനിയമ കമ്മീഷൻ വ്യക്തമാക്കിയതുപോലെ, രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവിലില്ലാത്തതിനാൽ രാജ്യതാത്പര്യത്തിനു വിരുദ്ധമായി അവ നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ അതിശക്തമായ എതിർപ്പ് കെപിസിസി നേതൃയോഗം രേഖപ്പെടുത്തി. എല്ലാ ജനവിഭാഗങ്ങളുടെയും ആശങ്ക ഉൾക്കൊണ്ടും ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടിക്കൊണ്ടും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിൽ അണിനിരക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു
KPCC decided to campaign against the Uniform Civil Code