തെരഞ്ഞെടുപ്പ് വിജയത്തിൽ അമിത ആത്മവിശ്വാസം വേണ്ടെന്ന് കെ.പി.സി.സി വിശാല നേതൃയോഗം
|യു.ഡി.എഫ് യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ അത്യാഹ്ലാദവും അമിത ആത്മവിശ്വാസവും വേണ്ടെന്ന് കെ.പി.സി.സി വിശാല നേതൃയോഗത്തിൽ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ കെ.പി.സി.സി നേതൃത്വം പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി. ഇന്ന് നടന്ന കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിന്നു. യു.ഡി.എഫ് യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആലസ്യത്തിലേക്ക് വീഴാതെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് യോഗത്തിൽ വന്ന നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയത്തിൽ നേതാക്കളുടെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന കർശന നിർദേശവും നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തി ജൂലൈ 15, 16 തീയതികളിൽ കോൺഗ്രസ് നേതാക്കൾക്കായി വയനാട്ടിൽ ചിന്തൻ ശിബിരം നടത്താനും യോഗം തീരുമാനിച്ചു.
ഇതിനിടെ പാർട്ടി, മുന്നണി യോഗങ്ങളിൽ തത്കാലം പങ്കെടുക്കില്ലെന്ന നിലപാടിൽത്തന്നെ കെ മുരളീധരൻ ഉറച്ചുനിന്നു. തിരുവനന്തപുരത്തുണ്ടായിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്ന മുരളീധരനെ വീട്ടിലെത്തി തൃശ്ശൂരിലെ തോൽവി അന്വേഷിക്കുന്ന കമ്മീഷൻ അംഗങ്ങൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തൃശ്ശൂർ, ആലത്തൂർ സീറ്റുകളിലെ പരാജയം സംബന്ധിച്ച വിശദമായ ചർച്ച യോഗത്തിൽ ഉണ്ടായില്ല. എന്നാൽ തൃശൂരിലെ തോൽവി പഠിക്കുന്ന കെ.സി ജോസഫ് കമ്മീഷനെത്തന്നെ ആലത്തൂരിലെ പരാജയം അന്വേഷിക്കാൻ നിയോഗിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വോട്ട് വർധന പഠിക്കാനായിരുന്നു ഇന്ന് ചേർന്ന യു.ഡി.എഫ് ഏകോപന സമിതിയുടെയും എം.പിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചത്.
ഇതിനിടെ കേരള പ്രവാസി അസോസിയേഷനെ യു.ഡി.എഫിൽ പ്രത്യേക ക്ഷണിതാവാക്കാനും യോഗം തീരുമാനിച്ചു. എന്നാൽ യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്തെങ്കിലും സംസാരിക്കാൻ അവസരം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു. ഘടകകക്ഷി നേതാക്കൾക്കുൾപ്പെടെ അവസരം നൽകിയപ്പോഴാണ് ചെന്നിത്തലയെ തഴഞ്ഞത്. ഇതോടെ പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങി.