താഴെ തട്ടിലുള്ള പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി കെ.പി.സി.സി നേതൃത്വം
|എ.ഐ.സി.സി സമ്മേളനത്തിന് ശേഷം കെപിസിസി ഭാരാവാഹികളിലും ഡിസിസി പ്രസിഡന്‍റുമാരിലും മാറ്റങ്ങള്‍ ഉണ്ടാവും
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താഴെ തട്ടിലുള്ള പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കെപിസിസി നേതൃത്വം നീക്കം തുടങ്ങി. പുനസംഘടനയുടെ പേരിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോര് ശക്തമായതോടെ ജില്ലാതല സമിതികളോട് പതിനെട്ടിനകം പാനല്‍ സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. എ.ഐ.സി.സി സമ്മേളനത്തിന് ശേഷം കെപിസിസി ഭാരാവാഹികളിലും ഡിസിസി പ്രസിഡന്‍റുമാരിലും മാറ്റങ്ങള്‍ ഉണ്ടാവും. പുനസംഘടനാ നടപടികളിലെ അതൃപ്തി പരോക്ഷമായി സൂചിപ്പിച്ച് കെ മുരളീധരന്‍ രംഗത്ത് വന്നു.
ബ്ലോക്ക് പ്രസിഡന്റുമാരുടേയും ഡിസിസി ഭാരവാഹികളേയും നിശ്ചയിക്കുന്നതില്‍ ജില്ലാ തലങ്ങളില്‍ തന്നെ തര്‍ക്കം തുടരുന്നതിനാലാണ് കെപിസിസി ഇടപെടല്‍. പാനല്‍ ലഭിച്ചാലുടന്‍ സ്ക്രൂട്ടിനിങ് നടത്തി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം പ്രവര്‍ത്തനം ശക്തമല്ലാത്ത അഞ്ച് ഡി.സി.സികളുടെ അധ്യക്ഷന്‍മാര്‍ക്ക് മാറ്റം ഉണ്ടാവും. പുനസംഘടന നടപടികളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നില്ലെന്ന് പറഞ്ഞാണെങ്കിലും ചില പരാമര്‍ശങ്ങളിലൂടെ കെ. മുരളീധരന്‍ അത്തരം സൂചന നൽകുന്നുണ്ട് .
'കെ.മുരളീധരനെ ഒതുക്കുന്ന കാര്യത്തിലെ ദോസ്തി നിലപാടുള്ളു, ബാക്കി പല കാര്യങ്ങളിലും ഗുസ്തി ആണ് . അത് പാടില്ല ഒന്നിച്ച് പോകണമെന്നാണ് പൊതുനിലപാട്' എന്ന് കെ.മുരളീധരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കണമെന്ന ആഗ്രഹം ഒരു വിഭാഗം നേതാക്കള്‍ക്ക് ഉണ്ടെങ്കിലും തല്‍ക്കാലം അത് വേണ്ടെന്ന നിലപാടിലാണ് എ.ഐ.സി.സി നേതൃത്വം. പക്ഷേ അപ്പോഴും നിലവിലെ കെ.പി.സി.സി ഭാരവാഹികള്‍ അതേ പടി തുടരാന്‍ ഇടയില്ല. ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഭാരത് ജോഡോ യാത്രയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ സമയബന്ധിതമായി ആരംഭിക്കാനാകാത്ത് കെപിസിസിയുടെ വീഴ്ചയാണെന്ന വിയലിരുത്തലുകള്‍ എഐസിസിക്കുണ്ട്.