കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് കൈമാറി; പത്മജ നിര്‍വാഹക സമിതിയില്‍
|മുന്‍ ഡിസിസി അധ്യക്ഷന്മാര്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പട്ടിക വൈകാന്‍ താനും ഉമ്മന്‍ചാണ്ടിയും കാരണക്കാരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു കൈമാറി. മുന്‍ ഡിസിസി അധ്യക്ഷന്മാര്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പത്മജാ വേണുഗോപാലിന് ഇളവ് നല്കി. പട്ടിക വൈകാന്‍ താനും ഉമ്മന്‍ചാണ്ടിയും കാരണക്കാരല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഭാരവാഹി പ്രഖ്യാപനം വേഗത്തിലാക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഇ മെയില്‍ മുഖേനെ പട്ടിക കെ സുധാകരന് ഹൈക്കമാന്റിനു കൈമാറിയത്. തൃശൂര്‍ മുന്‍ ഡിസിസി അധ്യക്ഷനായ എംപി വിന്‍സെന്റിനായി കെ സി വേണുഗോപാല്‍ നടത്തിയ നീക്കങ്ങള്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. വിന്‍സെന്റിന് ഇളവ് നല്കുന്നുണ്ടെങ്കില് യു രാജീവനും ഇത് ബാധകമാകണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെ മുന്‍ ഡിസിസി അധ്യക്ഷന്മാരെല്ലാം പ്രത്യേക ക്ഷണിതാക്കളാക്കുകയെന്ന പഴയ തീരുമാനം തന്നെ നടപ്പിലാക്കിയാല്‍ മതിയെന്ന ധാരണയിലേക്ക് നേതാക്കള്‍ എത്തി.
കെപിസിസി ഭാരവാഹികളായിരുന്നവരില്‍ പത്മജ വേണുഗോപാലിനു മാത്രം ഇളവ് നല്‍കിയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പത്മജ നിര്‍വാഹക സമിതി അംഗവമാവും. രമണി പി നായര്‍, ഫാത്തിമ റോഷ്ന എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. പി വി സജീന്ദ്രന്, കെ ശിവദാസന്‍ നായര്‍, വിടി ബല്‍റാം തുടങ്ങിയവരും ഭാരവാഹികളാവും. നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 പേരെന്ന നിലപാടില്‍ ഉറച്ചു നിന്നാണ് പട്ടിക. ഹൈക്കമാന്റിനു പട്ടിക കൈമാറാന്‍ വൈകിയതിനു താനും ഉമ്മന്‍ചാണ്ടിയും കാരണക്കാരല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഭാരവാഹികളുടെ പ്രഖ്യാപനം ഹൈക്കമാന്റ് താമസിയാതെ നടത്തും. കെപിസിസി നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.