കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; 36 അംഗങ്ങൾ
|വനിതാ പ്രാതിനിധ്യം നാലായി ഉയർത്തിയാണ് പുനഃസംഘടന
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി പുനസംഘടിപ്പിച്ചു. 36 പേരാണ് പുതിയ രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. ചെറിയാൻ ഫിലിപ്പ്, പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, പി.കെ ജയലക്ഷമി, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തി. അജയ് തറയിൽ ,ഷാഫി പറമ്പിൽ, എംകെ രാഘവൻ, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം എന്നിവരും സമിതിയിലുണ്ട്.
നേരത്തേ 23 അംഗ രാഷ്ട്രീയകാര്യ സമിതി ആയിരുന്നു കെപിസിസിക്ക് ഉണ്ടായിരുന്നത്. അതിൽ തന്നെ ചില ഒഴിവുകളുമുണ്ടായിരുന്നു. ആ ഒഴിവുകൾ നികത്തിയും കൂടിയാണ് ഇപ്പോൾ 36 പേരടങ്ങുന്ന സമിതി രൂപീകരിച്ചിരിക്കുന്നത്.
വനിതാ പ്രാതിനിധ്യം നാലായി ഉയർത്തിയതാണ് പുനഃസംഘടനയിലെ പ്രധാനകാര്യം. മുമ്പ് ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നു സമിതിയിലെ വനിതാ പ്രതിനിധി. മുതിർന്ന നേതാവ് എകെ ആന്റണി സമിതിയിലില്ല. നേതൃത്വവുമായി ഇടഞ്ഞു നിന്ന വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിൽ തുടരുന്നുണ്ട്.