പുനഃസംഘടനയ്ക്കൊരുങ്ങി കെ.പി.സി.സി; വിശാല നേതൃയോഗം നാളെ
|തൃശൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആൾ വരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുനഃസംഘടനക്കൊരുങ്ങി കെ.പി.സി.സി. കെ.പി.സി.സിയുടെ അടിയന്തര വിശാല നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. പ്രവർത്തനം മോശമായ ഡി.സി.സി അധ്യക്ഷന്മാർക്കും തർക്കമുള്ള ഇടങ്ങളിൽ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്കും മാറ്റമുണ്ടായേക്കും.
സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണൽ ലക്ഷ്യമിട്ടാണ് പുനഃസംഘടന നടത്താൻ കെ.പി.സി.സി ആലോചിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിര്‍ത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. കെ.പി.സി.സി ഭാരവാഹികളില്‍ നിഷ്ടക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിലും മാറ്റം കൊണ്ടുവരും. ഇത് കൂടാതെ പ്രവർത്തനം മോശമായ ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റാൻ ഒരുങ്ങുന്നുണ്ട്.
ജോസ് വള്ളൂർ രാജിവെച്ച ഒഴിവിൽ തൃശൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആൾ വരും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികളും ആരോപണങ്ങളും നേരിടുന്ന തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി അന്വേഷണ സമിതി റിപ്പോർട്ടിൽ വിമർശനങ്ങൾ നേരിട്ട കാസർകോട് ഡി.സി.സി പ്രസിഡന്റ് എന്നിവരെ മാറ്റണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വെയ്പ്പ് നടന്നെന്ന ആരോപണം കേൾക്കുന്ന ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകും.
യു.ഡി.എഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും ചർച്ചയാകും. പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയുള്ള കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം കേൾക്കും. വരാനിരിക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ചർച്ചയാകും. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാകും നടക്കുക.