'ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.'- മാതൃദിനത്തിൽ അമ്മയെ ഓർത്ത് സുധാകരൻ
|''അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.''
തിരുവനന്തപുരം: മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകളുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. അമ്മയുടെ അനുഗ്രഹവും മനോധൈര്യവും തന്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താനും സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിന്മാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സി.പി.എം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ തന്നെ അനുഗ്രഹിച്ചിട്ടേയുള്ളൂവെന്നും സുധാകരൻ വ്യക്തമാക്കി.
സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ അമ്മ...
ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ വീട്ടിൽനിന്നിറങ്ങുമ്പോൾ കണ്ണിൽനിന്ന് മറയുന്നത് വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കിനിൽക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.
ഞാനും എന്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിന്മാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സി.പി.എം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എന്റെ അമ്മയ്ക്ക് എന്നെക്കാൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എന്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്.
അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.
എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നൽകി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളിൽ പൊരുതാൻ പഠിപ്പിച്ച ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകൾ.
Summary: KPCC president K Sudhakaran shares his memories with his mother on Mother's Day