Kerala
KPCC
Kerala

ഡി.സി.സികളിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; പകുതിയോളം ജില്ലാ പ്രസിഡന്റുമാരുടെ സ്ഥാനം തെറിക്കും

Web Desk
|
7 July 2024 3:00 AM GMT

പ്രവർത്തനം മോശമായ ഡി.സി.സികളിൽ പുനഃസംഘടന നടപ്പിലാക്കാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ പകുതിയോളം ജില്ലാ പ്രസിഡന്റുമാർക്ക് സ്ഥാനം പോകുമെന്ന കാര്യം ഉറപ്പായി.

തിരുവനന്തപുരം: ഡി.സി.സികളിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. പ്രവർത്തനം മോശമായ ഡി.സി.സികളിൽ പുനഃസംഘടന നടപ്പിലാക്കാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ പകുതിയോളം ജില്ലാ പ്രസിഡന്റുമാർക്ക് സ്ഥാനം പോകുമെന്ന കാര്യം ഉറപ്പായി.

പരാതികൾ നേരിടുന്ന ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനാണ് ആലോചിക്കുന്നത്. നിലവിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ഡി.സി.സി പ്രസിഡന്റുമാർ ഒഴികെയുള്ളവർക്കെതിരെ ഗൗരവ സ്വഭാവത്തിലുള്ള പരാതികളുണ്ട്. തൃശൂരിലാവട്ടെ, ജോസ് വള്ളൂർ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇപ്പോഴും ആളായിട്ടില്ല. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പരാതികൾ ഉന്നയിച്ചിരുന്നു.

കാസർഗോഡ് ഡി.സി.സി നേതൃത്വം രക്തസാക്ഷികളെ അവഗണിക്കുന്നുവെന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തിരുന്നു. പുനഃസംഘടനയിൽ ഇക്കുറി സ്ത്രീകളും വേണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഏറ്റവും കുറഞ്ഞത് ഇത്തവണ ഒരാളെയെങ്കിലും ഉൾപ്പെടുത്തിയാൽ, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന് സാധ്യത ഏറും. കെ.പി ശ്രീകുമാറിന്റെ പേരും ആലപ്പുഴയിൽ പരിഗണനയിലുണ്ട്.

തിരുവനന്തപുരത്താവട്ടെ കെ.എസ് ശബരീനാഥ്, ആർ.വി രാജേഷ്, ചെമ്പഴന്തി അനിൽ എന്നിവർക്കാണ് പ്രധാന പരിഗണന. കൊല്ലത്ത് ജ്യോതികുമാർ ചാമക്കാല, സൂരജ് രവി, ശൂരനാട് രാജശേഖരൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ജോസ് വള്ളൂരിന് പകരം തൃശൂരിൽ അനിൽ അക്കര, ജോസഫ് ടാജറ്റ്, ടി.വി ചന്ദ്രമോഹൻ, എം.പി ജാക്സൺ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ജംബോ കമ്മിറ്റി എന്ന ആരോപണം നേരിടുന്ന കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. അടുത്തയാഴ്ച വയനാട്ടിൽ നടക്കുന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ നിന്ന് സെക്രട്ടറിമാരെ ഒഴിവാക്കിയത് ഇതിന്റെ സൂചന കൂടിയാണ്.

Watch Video Report


Related Tags :
Similar Posts