ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ കെ.പി.സി.സി മറുപടി പറയണം: എ.കെ ബാലന്‍
|എന്തിന്റെ പിൻബലത്തിലാണ് പ്രാദേശിക വികാരം കത്തിക്കുന്നതെന്നും എ.കെ ബാലൻ ചോദിച്ചു
തിരുവനന്തപുരം: ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ കെ.പി.സി.സി മറുപടി പറയണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. 'പരാമർശത്തിൽ കെ.പി.സി.സിയുടെ തീരുമാനമുണ്ടോയെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമമാണോ നടത്തുന്നത്. എന്തിന്റെ പിൻബലത്തിലാണ് പ്രാദേശിക വികാരം കത്തിക്കുന്നത്?. എ.കെ ബാലൻ ചോദിച്ചു.
അതേസമയം കേരളത്തിൻറെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പുയർത്തി കേരളം രംഗത്തെത്തി. ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. മാർച്ച് മാസം ആദ്യമാണ് ഹൈബി ഈഡൻ എം.പി പാർലിമെന്റിൽ ഇത്തരമൊരു സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.
ഇതിനായി ഭൂമിശാസ്ത്രപരമായ കാരണങ്ങളടക്കം ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടിയിരുന്നു. മധ്യകേരളമാണ് സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗത്ത് നിന്നും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നതാണ് ബില്ലിലിലെ പ്രധാന വാദം. തുടർന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രാലയം ഇതുസംന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയത്.
മാർച്ച് 31 ന് ആഭ്യന്തരമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു കത്ത് നൽകിയിരുന്നു. ഇതിൻമേലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഈ ആവശ്യം നിരാകരിക്കണമെന്ന മറുപടി സംസ്ഥാന സർക്കാർ നൽകും.