Kerala
kpm musthafa about perinthalmanna election commission report
Kerala

പെരിന്തൽമണ്ണയില്‍ നടന്നത് വലിയ അട്ടിമറി, ഉദ്യോഗസ്ഥരുടെ പുറകിൽ ആരെങ്കിലുമുണ്ടോയെന്ന് സംശയിക്കണം: കെ.പി.എം മുസ്തഫ

Web Desk
|
31 May 2023 4:35 PM GMT

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ടിനെ കുറിച്ചാണ് മുസ്തഫയുടെ പ്രതികരണം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തില്‍ നടന്നത് വലിയ അട്ടിമറിയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി.എം മുസ്തഫ. ഉദ്യോഗസ്ഥരുടെ പുറകിൽ ആരെങ്കിലുമുണ്ടോയെന്നും സംശയിക്കണം. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് പുറകിൽ. കൃത്രിമം നടന്നുവെന്നതിൽ സംശയമില്ലെന്നും കോടതി തീരുമാനിക്കട്ടെയെന്നും മുസ്തഫ പറഞ്ഞു. പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ടിനെ കുറിച്ചാണ് മുസ്തഫയുടെ പ്രതികരണം.

ഹൈക്കോടതി നിർദേശപ്രകാരം മലപ്പുറത്തെത്തി നടത്തിയ അന്വേഷണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാലറ്റ് പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നെന്നും റിപ്പോർട്ടിലുണ്ട്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ അടക്കമുള്ളവർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വം എന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട തുടർനടപടി.

Similar Posts