കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ; സർക്കാർ നിലപാട് ജാതി വിവേചകരെ സംരക്ഷിക്കുന്നത്; എസ്.ഐ.ഒ
|'ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അതേ നടപടികളാണ് ഇന്ന് കേരള സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്'
കോട്ടയം : കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വിവേചനപരമായി പെരുമാറിയ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടപടിയെടുക്കാന്‍ സന്നദ്ധമാവാതെ സർക്കാർ സ്വീകരിക്കുന്ന സമീപനം ജാതി വിവേചനം നടത്തുന്നവരെ സംരക്ഷിക്കുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികളും ജീവനക്കാരും സമരത്തിലാണ്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനും ഇടതുപക്ഷ സര്‍ക്കാറും ജാതി വിവേചനം നടത്തിയ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് സഈദ് പറഞ്ഞു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അതേ നടപടികളാണ് ഇന്ന് കേരള സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തെ കുറിച്ച് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നതാണ് സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട്. കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന് നേതൃത്വം നല്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സന്ദര്‍ശിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളായ അമീന് ഫസല്‍, സാബിര്‍ യൂസുഫ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഷഫീഖ് പി.എ, ജില്ല ജോയിന്റ് സെക്രട്ടറി അസീം ഷാന്‍ എന്നിവരും സംബന്ധിച്ചു.