'എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും, ജനങ്ങൾ മടുത്തിരിക്കുകയാണ് കൊല്ലത്ത്'; കൃഷ്ണകുമാർ
|ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ പദ്ധതികളിലാണ് ഏക പ്രതീക്ഷയെന്നും കൃഷ്ണകുമാർ
കൊല്ലം: കൊല്ലത്തെ സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം വരെ വോട്ടുകൾ തനിക്ക് കിട്ടാമെന്നാണ് കണക്കു കൂട്ടലെന്നും ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ പദ്ധതികളിലാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാർ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
"9 ലക്ഷത്തിൽ താഴെ വോട്ടാണ് പോൾ ചെയ്തിരിക്കുന്നത്. എല്ലാ സ്ഥാനാർഥികളും മൂന്നര ലക്ഷം വോട്ടെങ്കിലും പ്രതീക്ഷിക്കും. അത് കിട്ടുന്നവർ ജയിക്കുകയും ചെയ്യും. നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് കണക്കുകൂട്ടൽ.
കൊല്ലത്ത് മാത്രമല്ല, രാജ്യമൊട്ടാകെ ഇതുവരെ നടന്ന രണ്ട് ഘട്ടത്തിലും പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വിപരീതമായതാണ് കാരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അഞ്ചോ ആറോ മണ്ഡലങ്ങളിലാണ് പോളിങ് 70 കടന്നിരിക്കുന്നത്. അവിടെ പ്രത്യേക സാഹചര്യങ്ങളുണ്ടാവാം. സ്ഥാനാർഥികളെ അനുസരിച്ചും മാറ്റം വരും. ഇവിടെ ഒരു സ്ഥാനാർഥിയുടെ കാര്യത്തിൽ മാത്രമേ ഭരണത്തിന് അനുകൂലമായ തരംഗമുണ്ടായിട്ടുള്ളൂ.
ജനങ്ങൾ മടുത്തിരിക്കുകയാണ് കൊല്ലത്തിന്റെ കാര്യത്തിൽ. പുരോഗമനത്തിനെതിരെ സിറ്റിംഗ് എംപിയുടെ ഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങളും, കശുവണ്ടി മേഖലയുടെ തകർച്ചയും ഒക്കെ ജനങ്ങളുടെ പ്രതീക്ഷ കെടുത്തി. അവർക്ക് നരേന്ദ്രമോദിയുടെ പദ്ധതികളിലാണിപ്പോൾ ഏക പ്രതീക്ഷ. ആ പദ്ധതികളുടെ ഗുണഭോക്താക്കൾ ധാരാളമുണ്ട്. യുവാക്കൾക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടാണ് ഇവിടെ പോളിംഗ് ഇത്രയെങ്കിലും ഉണ്ടായതെന്നാണ് വിശ്വാസം.
ഭരണവിരുദ്ധ വികാരമുണ്ടാകുമ്പോൾ രണ്ട് ഭാഗത്തെയും വോട്ടുകൾ എൻഡിഎ സ്ഥാനാർഥികൾക്ക് കിട്ടാനാണ് സാധ്യത. കൊല്ലത്ത് നിന്ന് എൻഡിഎയ്ക്ക് ഒരു എംപി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ". കൃഷ്ണകുമാർ പറഞ്ഞു.