Kerala
KRLCC statement on Kedavilakku scholarship
Kerala

കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്ന് ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനപരം: കെ.ആർ.എൽ.സി.സി

Web Desk
|
21 Nov 2023 11:50 AM GMT

സ്‌കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക വിഭാഗങ്ങളിലെ 47 വിഭാഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ലത്തീൻ കത്തോലിക്കരയും മറ്റുചില ന്യൂനപക്ഷങ്ങളെയും മാത്രം ഒഴിവാക്കിയതും മാറ്റിനിർത്തുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.

കൊച്ചി: കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്ന് ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന മതന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനപരമായ നടപടിയാണെന്ന് കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കേന്ദ്രസർക്കാർ നാളിതുവരെ നൽകിയിരുന്ന പ്രീ മെട്രിക് സ്‌കോളർഷിപ്പുകൾ കഴിഞ്ഞവർഷം മുതൽ 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഈ പദ്ധതിയിൽ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിൽപെടുന്ന ന്യൂനപക്ഷങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പിന്നാക്ക വികസനവകുപ്പ് ഡയറക്ടർ 2023 ഒക്ടോബർ 17ന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം ഒ.ഇ.സി, ഒ.ബി.സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല എന്നാണ് പ്രത്യേകം നിർദേശം നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ബിഷപ്പ് ചൂണ്ടിക്കാട്ടി.

സ്‌കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക വിഭാഗങ്ങളിലെ 47 വിഭാഗങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ലത്തീൻ കത്തോലിക്കരയും മറ്റുചില ന്യൂനപക്ഷങ്ങളെയും മാത്രം ഒഴിവാക്കിയതും മാറ്റിനിർത്തുന്നതും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രത്യേകമായ സ്‌കോളർഷിപ്പ് പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമർപ്പിച്ചിരുന്നെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഈ പദ്ധതി അംഗീകരിക്കപ്പെട്ടില്ല എന്നാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഈ വർഷം തന്നെ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ അർഹരായ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള എല്ലാ പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കും അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.

Similar Posts