'സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത പരാമർശം'; ഹരിഹരനെ തള്ളി ഷാഫി പറമ്പിൽ
|'വനിതകളെ അപമാനിക്കുന്ന പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല'
കണ്ണൂര്‍: ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമർശം അനുചിതമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പരാമർശത്തെ ന്യായീകരിക്കില്ല. പ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് കെ.എസ് ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
'വനിതകളെ അപമാനിക്കുന്ന പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.പരിപാടി കഴിഞ്ഞ ഉടൻ താനും പ്രതിപക്ഷ നേതാവും ആര്‍.എം.പി നേതാക്കളെ വിയോജിപ്പ് അറിയിച്ചിരുന്നു.കെ.കെ രമ അടക്കമുള്ളവർ ഇതിൽ അവരുടെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.ആര്‍.എം.പിഒരു പാർട്ടി എന്ന നിലക്കും അതിനെ തള്ളി പറഞ്ഞിട്ടുണ്ട്.അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങൾ ആരും പറയാൻ പാടില്ല'.ഷാഫി പറമ്പിൽ പറഞ്ഞു.
ഹരിഹരന്റെ വിവാദ പരാമർശം യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ അറിയിച്ചു.
ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് കെ.കെ.രമ എംഎൽഎ.പരാമർശം പാർട്ടി തള്ളിക്കളഞ്ഞത് മാതൃകാപരമാണെന്നും കെ.കെ.രമ മീഡിയവണിനോട് പറഞ്ഞു. 'ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തീർത്തും തെറ്റായ ഒന്നായിരുന്നു.അത് അംഗീകരിക്കാനാവില്ല. പരാമർശത്തെ പൂർണമായും തള്ളിക്കളയുകയാണ്. ഒരു സ്ത്രീക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന കൃത്യമായ നിലപാട് തന്നെയാണ് ഉള്ളത്. ഹരിഹരൻ തന്നെ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്'. രമ പറഞ്ഞു.