ഇത്രയും ആർദ്രതയില്ലാത്ത വനിത കമ്മിഷൻ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ? ഷാഹിദ കമാലിനെതിരേ ശബരീനാഥ്
|സംഭവം വിവാദമായതോടെ ഷാഹിദ കമാൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാറിൽ ആറു വയസുള്ള പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സ്ഥലം സന്ദർശിക്കാൻ പോകുമ്പോൾ ചിരിച്ചുകൊണ്ട് സെൽഫി പോസ്റ്റ് ചെയ്ത വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനെതിരേ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥ്.
ഈ കൊലപാതകം ചർച്ചയായപ്പോൾ 'സംഭവസ്ഥലം വനിതാ കമ്മീഷൻ സന്ദർശിച്ചു' എന്ന വാർത്ത വരാൻ വേണ്ടിയായിരിക്കും ഷാഹിദ കമാൽ സംഭവസ്ഥലം സന്ദർശിച്ചതെന്ന് ശബരീനാഥ് പറഞ്ഞു.
നാട്ടുകാരെ അറിയിക്കാൻ ഫേസ്ബുക്കിൽ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെൽഫിയും ഷാഹിദ കമാൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശബരീനാഥ് പരിഹസിച്ചു.
ഇത്രയും സെൻസിറ്റീവിറ്റിയില്ലാത്ത/ ആർദ്രതയില്ലാത്ത വനിത കമ്മിഷൻ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത സെൽഫിക്കെതിരെയാണ് രോഷമുയരുന്നത്.
വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയിലാണ് വനിതാ കമ്മീഷൻ അംഗം ചിരിച്ചുകൊണ്ടുള്ള സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുവാണെന്ന് തെറ്റദ്ധരിച്ചു, ക്ഷമിക്കണം എന്നാണ് പലരും കമന്റിൽ പരിഹസിക്കുന്നത്. സംഭവം വിവാദമായതോടെ ഷാഹിദ കമാൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
നേരത്തെ കേസിൽ പ്രതിയായ അർജുനെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെത്തിച്ചപ്പോൾ ജനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് വളരെ പണിപ്പെട്ടാണ് അർജുനെ തിരിച്ചു വാഹനത്തിൽ കയറ്റിയത്. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് ഒരാൾ അർജുന്റെ മുഖത്തടിച്ചു. അർജുൻ മറ്റു കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമൻ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയിൽ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷൻ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
ഈ കൊലപാതകം ചർച്ചയായപ്പോൾ 'സംഭവസ്ഥലം വനിതാ കമ്മീഷൻ സന്ദർശിച്ചു' എന്ന വാർത്ത വരാൻ വേണ്ടിയായിരിക്കും ഒരു കമ്മീഷൻ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.നാട്ടുകാരെ അറിയിക്കാൻ ഫേസ്ബുക്കിൽ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും സെൻസിറ്റീവിറ്റിയില്ലാത്ത/ ആർദ്രതയില്ലാത്ത വനിത കമ്മിഷൻ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ?Utterly disrespectful and cruel.