കെ.എസ്.ഇ.ബി ചെയർമാനെ മാറ്റിയത് യൂണിയന്റെ സമ്മർദംകൊണ്ടല്ല: വൈദ്യുതി മന്ത്രി
|ബി അശോകൻ മികച്ച ഉദ്യോഗസ്ഥാനാണെന്നും നല്ല പ്രവർത്തനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത് യൂണിയന്റെ സമ്മർദംകൊണ്ടല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബി അശോകൻ മികച്ച ഉദ്യോഗസ്ഥാനാണെന്നും നല്ല പ്രവർത്തനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും വൈദ്യുതി മന്ത്രി മീഡിയവണിനോട് പറഞ്ഞു. ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജലവിഭവ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. അതേസമയം കൃഷി വകുപ്പ് സെക്രട്ടറിയായിട്ടാണ് അശോകിന് പുതിയ നിയമനം. ചെയർമാൻ സ്ഥാനത്തിരികെ ഉദ്യോഗസ്ഥരെയും ട്രേയ്ഡ് യൂണിയൻ സംഘടനകളെയും വെല്ലുവിളിച്ചുള്ള തീരുമാനങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തേക്ക് ബി അശോക് വന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് മാറ്റം.
ഒരു വർഷത്തിനിടെ അശോക് സ്വീകരിച്ച പല നടപടികളും കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥരെയും ട്രേഡ് യൂണിയനുകളെയും പ്രകോപിപ്പിച്ചിരുന്നു. ജീവനക്കാരെയും തൊഴിലാളികളെയും വിശ്വാസത്തിലെടുക്കാതെയുള്ള ചെയർമാന്റെ പല നടപടികളും വിവാദമായിരുന്നു. കെ.എസ്.ഇ.ബി ആസ്ഥാന മന്ദിരത്തിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏൽപ്പിച്ചതിലും സമരം ചെയ്ത യൂണിയൻ നേതാക്കളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതും അശോകിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. സർക്കാർ വിഷയത്തിൽ ഇടപെടുന്ന സാഹചര്യം വരെ ഉണ്ടായി.