കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്
|സർവീസ് വയറിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് ഷോക്കേൽക്കാനിടയാക്കിയതെന്നാണ് കണ്ടെത്തൽ
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സർവീസ് വയറിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് ഷോക്കേൽക്കാനിടയാക്കിയതെന്നാണ് കണ്ടെത്തൽ.
ചോർച്ച അറിയിച്ചിട്ടും ജീവനക്കാർ തടയാനുള്ള നടപടി സ്വീകരിച്ചില്ലെന്നും സർവീസ് വയറിന് മാനദണ്ഡപ്രകാരമുള്ള സുരക്ഷാ സംവിധാനമുണ്ടായിരുന്നില്ല. കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മേയ് 20ന് മരിച്ചത്. കിണാശ്ശേരിയിൽനിന്ന് ഹോട്ടലിൽ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. തുടർന്ന്, വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് ഷോക്കേറ്റത്. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട് വന്നിരുന്നു. സംഭവത്തില്‍ കെഎസ്ഇബി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.