സർക്കാരിനെ അറിയിക്കാതെ കെഎസ്ഇബി ശമ്പളവും ആനുകൂല്യങ്ങളും കൂട്ടി
|1200 കോടിയുടെ ബാധ്യതയാണ് ചട്ട വിരുദ്ധമായി ഏറ്റെടുത്തിരിക്കുന്നത്
സർക്കാരിനെ അറിയിക്കാതെ കെഎസ്ഇബി ശമ്പളവും ആനുകൂല്യങ്ങളും കൂട്ടി. ഇക്കാര്യം വിമർശിച്ചുള്ള ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കെഎസ്ഇബിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സർക്കാർ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വർധന വരുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നും കെഎസ്ഇബിയുടെ നഷ്ടം ഇതിലൂടെ വർധിക്കുമെന്നും ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടി. 1200 കോടി രൂപയുടെ ബാധ്യതയേറ്റെടുത്തത് ചട്ടവിരുദ്ധമെന്നാണ് കത്തിലെ പ്രധാന വിമർശനം.
ശമ്പളം പരിഷ്‌ക്കരിച്ചതു വഴി 543 കോടിയുടെ അധിക ബാധ്യത വരുത്തിയതെന്നാണ് എജിയുടെ വിമർശം. പെൻഷൻ കൂടി പരിഷ്‌ക്കരിച്ചതു വഴി ഇത് 1200 കോടിയായി ഉയർന്നവെന്നും എജി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുമ്പോഴാണ് ഫുൾബോർഡ് അംഗീകാരമില്ലാതെ 2021 ഫെബ്രുവരിയിൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കെ.എസ്.ഇ.ബി വർധപ്പിച്ചത്. ഇതിൽ വിശദീകരണം നൽകണമെന്ന് എജി കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ധനകാര്യ സെക്രട്ടറിയും ഊർജ സെക്രട്ടറിയും അംഗങ്ങളായുള്ള ബോർഡ് എടുത്ത തീരുമാനത്തിൽ സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ ശമ്പളം പരിഷ്‌ക്കരിക്കാമെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്.
കെഎസ്ഇബി ചെയർമാൻ ബി. അശോക് ക്രമക്കേട് ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കെഎസ്ഇബിയിൽ പുതിയ വിവാദം ഉയർന്നുവരുന്നത്. മുൻ ഇടതുസർക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയർമാന്റെ ആരോപണം വലിയ വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി പറഞ്ഞു. നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവർഷമാണ് ഞാൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാൻറെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ ഇടത് സർക്കാരിൻറെ കാലത്ത് ബോർഡിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സർക്കാരിൻറ മുൻകൂർ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.
KSEB increased salaries and benefits without informing the government.