വേഗം പണമടച്ചോ; സർക്കാർ ഓഫിസുകളുടെ ഫ്യൂസ് ഊരാന്‍ കെ.എസ്.ഇ.ബി
|കെ.എസ്.ഇ.ബി ഫ്യൂസ് ഊരാന്‍ തുടങ്ങിയാല്‍ ഏറ്റവും പേടിക്കേണ്ടത് ജല അതോറിറ്റിയാണ്
കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഫ്യൂസ് ഊരാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കെ.എസ്.ഇ.ബി. 2000 കോടി രൂപക്ക് മുകളിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്.
എറണാകുളം കളക്ട്രേറ്റിന്റെ വൈദ്യുതി വിച്ഛേദിച്ചത് അവിടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ഒന്നര ദിവസമാണ് ഇരുട്ടിലാക്കിയത്. പണം അടക്കാമെന്ന കളക്ടറുടെ ഉറപ്പില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും കെ.എസ്.ഇ.ബി ഇനി പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് ആകെ പിരിഞ്ഞ് കിട്ടാനുള്ളത് 3780.05 കോടി രൂപയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന് കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത് 2397.56 കോടി രൂപ.
പൊതുജനത്തിന്റെ ഫ്യൂസ് ഊരാന്‍ മാത്രം ഉത്സാഹം കാണിക്കുന്നു എന്ന ചീത്തപേര് മാറ്റാനാണ് കെ.എസ്.ഇ.ബി കച്ച മുറുക്കുന്നത്. എറണാകുളം കളക്ട്രേറ്റ് വെറും സാമ്പിൾ മാത്രമാണ്.
കെ.എസ്.ഇ.ബി ഫ്യൂസ് ഊരാന്‍ തുടങ്ങിയാല്‍ ഏറ്റവും പേടിക്കേണ്ടത് ജല അതോറിറ്റിയാണ്. അവര്‍ വരുത്തിയത് 1718 കോടിയുടെ കുടിശ്ശികയാണ്.