Kerala
മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ
Kerala

മാസം തോറും വൈദ്യുതി നിരക്ക് കൂട്ടുമോ? കെ.എസ്.ഇ.ബി യോഗം നാളെ

Web Desk
|
9 Jan 2023 1:14 AM GMT

വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിലാണ് നാളെ ഉന്നതതല യോഗം ചേരുക

തിരുവനന്തപുരം: മാസം തോറും വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാൻ കെ.എസ്.ഇ.ബി യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിലാണ് നാളെ ഉന്നതതല യോഗം ചേരുക. വൈദ്യുത വിതരണ കമ്പനികള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്‍റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ തന്നെ സര്‍ചാര്‍ജ് ഈടാക്കാം.

വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധികചെലവുകളും ഉപഭോക്താക്കളില്‍ നിന്ന് മാസംതോറും ഈടാക്കാനുള്ള അധികാരവും വിതരണ കമ്പനികള്‍ക്ക് ചട്ടപ്രകാരം ലഭിച്ചു. ചൊവ്വാഴ്ചത്തെ ഔദ്യോഗിക തല ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും കൂട്ടാനാകും. എന്നാൽ കെ.എസ്.ഇ.ബി പൊതുമേഖല സ്ഥാപനമായതിനാൽ കേരള സർക്കാർ ഒരു നയം പ്രഖ്യാപിച്ചാൽ അതിന് വിരുദ്ധമായി ഒന്നുമുണ്ടാകില്ല.



Similar Posts