Kerala
KSEB moves forward with smart meter measures; Ruling opposition unions threaten to strike,latest malayalam news,സ്മാര്‍ട്ട് മീറ്റര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട്; പണിമുടക്ക് ഭീഷണിയുമായി ഭരണ പ്രതിപക്ഷ യൂണിയനുകള്‍,
Kerala

സ്മാര്‍ട്ട് മീറ്റര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട്; പണിമുടക്ക് ഭീഷണിയുമായി ഭരണ പ്രതിപക്ഷ യൂണിയനുകള്‍

Web Desk
|
18 May 2023 1:01 AM GMT

24ന് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം: ഭരണ പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ഭീഷണി അവഗണിച്ച് സ്മാര്‍ട്ട് മീറ്റര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട്. ടെണ്ടര്‍ സമര്‍പ്പിച്ച നാല് കമ്പനികളില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്ത് തുടര്‍ നടപടികളിലേക്ക് ബോര്‍ഡ് കടന്നു. സംഘടനകളുടെ എതിര്‍പ്പൊഴുവാക്കാന്‍ ട്രേഡ് യൂണിയനുകളുമായി ഈ മാസം 24ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തും.

സ്മാര്‍ട്ട് മീറ്റര്‍ സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി യൂണിയനുകള്‍ക്ക് ഉറപ്പ് കൊടുത്തത്. അതെല്ലാം മാറ്റി നിര്‍ത്തി ദ്രുതഗതിയില്‍ നടപടികളുമായി കെഎസ്ഇബി മാനേജ്മെന്‍റ് മുന്നോട്ട് പോവുകയാണ്. ഈ മാസം 15ന് ടെണ്ടര്‍ പൊട്ടിച്ചു. അടുത്ത മാസം 10ന് മുമ്പ്‌ ടെണ്ടര്‍ ഇവാലുവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് നീക്കം.

2500 കോടി രൂപയുടെ പദ്ധതി 2025ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ലോകസഭ തെരഞ്ഞെടുപ്പൊക്കെ പരിഗണിച്ച് ഒരു വര്‍ഷം കൂടി സമയപരിധി നീട്ടി നല്‍കുമെന്ന പ്രതീക്ഷ കെഎസ്ഇബിക്ക് ഉണ്ട്. ഇപ്പോഴത്തെ യൂണിയന്‍ പ്രക്ഷോഭം അവഗണിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ പദ്ധതി ആകെ താളം തെറ്റുമെന്നതാണ് ആശങ്ക. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിന്‍റെ നടത്തിപ്പ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി പിഡിസിഎല്ലിന് നല്‍കണമെന്നതായിരുന്നു മാനേജ്മെന്‍റ് ആഗ്രഹം. യൂണിയനുകളുടെ കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിന് തിരിച്ചടിയായത്. വൈദ്യുതി ബോര്‍ഡിന്‍റെ റവന്യു പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുറംകരാര്‍ നല്‍കുന്ന ടോട്ടക്സ് രീതിയില്‍ പദ്ധതിനടത്താനനുവദിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.


Similar Posts