കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം; തിരുവമ്പാടിയില്‍ ഇന്ന് ജീവനക്കാരുടെ പ്രതിഷേധം
|കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന് കീഴിലെ ജീവനക്കാര്‍ പ്രകടനവും വിശദീകരണയോഗവും നടത്തും
കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിനെതിരെ കോഴിക്കോട് തിരുവമ്പാടിയില്‍ ഇന്ന് ജീവനക്കാരുടെ പ്രതിഷേധം. കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന് കീഴിലെ ജീവനക്കാര്‍ പ്രകടനവും വിശദീകരണയോഗവും നടത്തും.
30 മണിക്കൂറിലേറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചത്. റസാഖിന്‍റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാല്‍ വൈദ്യുതി തരാമെന്ന കെ.എസ്.ഇ.ബിയുടെ ഉപാധി അംഗീകരിക്കില്ലെന്ന കുടുംബത്തിന്‍റെ ഉറച്ച നിലപാട്. ഒടുവില്‍ മുപ്പത് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ കെ.എസ്.ഇ.ബിയുടെ കീഴടങ്ങല്‍. രാത്രി എട്ടരയോടെ തിരുവമ്പാടിയിലെ യുസി റസാഖിന്‍റെ വീട്ടില്‍ വീണ്ടും വൈദ്യുതി വെളിച്ചമെത്തി.
കെ.എസ്.ഇ.ബി ജീവനക്കാര്‍ മര്‍ദിച്ചെന്ന റസാഖിന്‍റെ ഭാര്യയുടെ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. ലൈൻമാൻ പ്രശാന്ത്, അനന്തു എന്നിവർക്കെതിരെയാണ് കേസ്. വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന്‍റെ നേതൃത്വത്തില്‍ ഇന്ന് പ്രകടനവും വിശദീകരണ യോഗവും നടത്തും. രാവിലെ ഒമ്പത് മണിക്ക് തിരുവമ്പാടിയിലാണ് പ്രതിഷേധം.
കെ.എസ്.ഇ.ബി ഓഫീസില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരാണ് തങ്ങളെ മർദിച്ചതെന്നും പറയുന്ന റസാഖിന്‍റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മലിന്‍റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.