Kerala
KSEB Office Attack,breaking news malayalam,ബ്രേക്കിങ് ന്യൂസ്,കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം,
Kerala

തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം; അക്രമികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ ഉത്തരവ്

Web Desk
|
6 July 2024 11:12 AM GMT

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നടപടി

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ചെയർമാന്‍റെ ഉത്തരവ്. അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്. ഇന്ന് രാവിലെയാണ് തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസില്‍ ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച റസാഖ് എന്നയാളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം.ഇതിനെത്തുടര്‍ന്ന് റസാഖിന്‍റെ മകനായ അജ്മലും സുഹൃത്ത് ഷഹദാദും ചേര്‍ന്ന് ലൈന്‍മാനെയും സഹായിയെയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് കെ.എസ്.ഇ.ബി ഓഫീസ് അടിച്ചു തകര്‍ത്തത്.

വനിതാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയും മലിനജലം ഒഴിക്കുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. അക്രമത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദനമേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്.


Similar Posts