Kerala
കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം
Kerala

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

Web Desk
|
6 July 2024 3:22 PM GMT

കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ അജ്മലിന്റെ പിതാവ് കുഴഞ്ഞുവീണു

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിലെ പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ അജ്മലിന്റെ പിതാവും മാതാവും കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. യു.പി മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു.

പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു റസാഖ് കെഎസ്ഇബി ഓഫീസിന് മുന്നിൽ കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അജ്മൽ, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഓഫീസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി പറയുന്നത്.കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് വീട്ടിൽ ഫ്യൂസ് ഊരാനെത്തിയ ലൈൻമാനെ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ ആദ്യം ആക്രമിച്ചത്. പിന്നീട് ഇന്ന് രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലി തകർക്കുകയും അസിസ്റ്റൻ്റ് എൻജിനീയറായ പ്രശാന്തിനെ മർദിക്കുകയും ചെയ്തു.

തുടർന്ന് ഇന്ന് വൈകീട്ടാണ് അജ്മലിൻ്റെയും കൂടെയുണ്ടായിരുന്ന ഷഹദാദിൻ്റെയും വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെഎസ്ഇബി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഉത്തരവിട്ടത്.


Similar Posts