കെ.എസ്.ഇ.ബി. തര്‍ക്കത്തിന് താല്‍കാലിക പരിഹാരം; അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും
|വൈദ്യുതി മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമായത്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായി. സ്ഥലംമാറ്റപ്പെട്ട ഇടത് സര്‍വീസ് സംഘടന നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. അതു വരെ പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
എറണാകുളത്തു വച്ചാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സര്‍വീസ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മെയ് അഞ്ചിനുള്ളില്‍ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചര്‍ച്ച നടത്തും. ചെയര്‍മാന്‍ ബി.അശോകും കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനു തമ്മില്‍ നിലന്നിരുന്ന തര്‍ക്കം എല്‍.ഡി.എഫിനും തലവേദനയായിരുന്നു. സമരം ദിവസങ്ങള്‍ നീണ്ടുപോയിട്ടും ഇടപ്പെട്ടില്ലെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രിക്ക് സിപിഎം, സിഐ.ടി.യു നേതാക്കളില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നു. പലതവണ ചര്‍ച്ച നടന്നിട്ടും ചെയര്‍മാനോ സമരക്കാരോ വിട്ടു വീഴ്ചക്കും തയ്യാറായില്ല. അവസാനവട്ട ചര്‍ച്ച കഴിഞ്ഞ് ഇറങ്ങിയ പിറ്റേ ദിവസം അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് പിഴയും ചുമത്തി. സമരം നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അസോസിയേഷന്‍ താല്‍കാലികമായി സമരം നിര്‍ത്തിയത്.
ആവശ്യമെങ്കില്‍ സമരക്കാര്‍ക്കെതിരെ എസ്മ ചുമത്താന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതോടെ പ്രശ്ന പരിഹാരം വേഗത്തിലാക്കാന്‍ അസോസിയേഷനും സന്നദ്ധത അറിയിച്ചു. എം.ജി. സുരേഷ്കുമാര്‍ പെരിന്തല്‍മണ്ണയിലും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.ഹരികുമാര്‍ പാലക്കാടും, അസോസിയേഷന്‍ ഭാരവാഹി ജാസ്മിന്‍ ബാനു സീതത്തോടും ജോലിയില്‍ പ്രവേശിക്കും.