എസ്എടിയിലെ വൈദ്യുതി പൂർണമായി പുനസ്ഥാപിച്ച് കെഎസ്ഇബി, ജനറേറ്ററിന്റെ പ്രവർത്തനം നിർത്തി
|വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു. അല്പസമയം മുമ്പാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ രാത്രി മുതൽ മുടങ്ങിയ വൈദ്യുതി നൂറുകണക്കിന് ആളുകൾക്ക് ദുരിതം സൃഷ്ടിച്ചു.
ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തിയത്.
അതേസമയം സംഭവത്തിനു പിന്നിൽ അധികൃതരുടെ വീഴ്ചയാണെന്നും ആരോപണമുണ്ട്. വൈദ്യുതി മുടങ്ങും എന്ന് നേരത്തേ അറിഞ്ഞിട്ടും അധികൃതർ കൃത്യമായ ബദൽ ക്രമീകരണം ഒരുക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ലെന്നും ജനറേറ്റർ പ്രവർത്തികാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പുറത്തു നിന്ന് ജനറേറ്റർ എടുക്കുന്നതിലും കാലതാമസമുണ്ടായി. അതേസമയം ജനറേറ്റർ പ്രവർത്തിക്കാതിരുന്നത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുക.