Kerala
KSEB to install CCTV cameras in all offices
Kerala

തുടർച്ചയായി ആക്രമണങ്ങൾ; കെഎസ്ഇബി ഓഫീസുകളിൽ സിസിടിവി, ശബ്ദവും റെക്കോർഡ് ചെയ്യും

Web Desk
|
18 July 2024 10:03 AM GMT

തിരുവമ്പാടി ആക്രമണമടക്കം ചൂണ്ടിക്കാട്ടിയാണ് ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാൻ തീരുമാനം. കെഎസ്ഇബി ഓഫിസുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ശബ്ദം കൂടി റെക്കോർഡ് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് സ്ഥാപിക്കുക.

തിരുവമ്പാടി ആക്രമണമടക്കം ചൂണ്ടിക്കാട്ടിയാണ് ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്. നേരത്തേ തന്നെ പല ഓഫീസുകളിലും സിസിടിവിയുണ്ടെങ്കിലും പുതിയ മാനദണ്ഡപ്രകാരം എല്ലാ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനാണ് തീരുമാനം. ആദ്യം സെക്ഷൻ ഓഫീസുകളിലാണ് ക്യാമറ സ്ഥാപിക്കുക. പൊതുജനങ്ങളുമായി ഏറ്റവുമധികം സമ്പർക്കമുണ്ടാകുന്ന ഫ്രണ്ട് ഓഫീസ്, ക്യാഷ് കൗണ്ടർ, കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിലെല്ലാം സിസിടിവി സ്ഥാപിക്കും. ഇതിനോടൊപ്പം തന്നെ ഇലക്ട്രിക്കൽ സബ് ഡിവിഷനൽ ഓഫീസുകളിലും ഇലക്ട്രിക്കൽ ഡിവിഷനൽ ഓഫീസുകളിലും സർക്കിൾ ഓഫീസുകളിലും റീജിയണൽ ഓഫീസുകളിലുമുൾപ്പടെ ക്യാമറകളുണ്ടാകും.

ഡിസ്‌കണക്ഷന്റെ പേരിലും മറ്റും ജനങ്ങളെത്തി കെഎസ്ഇബി ഓഫീസുകളിൽ പ്രശ്‌നമുണ്ടാക്കുന്നതിന്റെ പേരിലാണിപ്പോൾ കെഎസ്ഇബി നടപടിയെടുക്കാനൊരുങ്ങുന്നത്. സിസിടിവി സ്ഥാപിക്കുമ്പോൾ ശബ്ദം റെക്കോർഡ് ചെയ്യുന്ന സംവിധാനമുണ്ടാകണമെന്നും കെഎസ്ഇബി ചീഫ് എഞ്ചിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.

Similar Posts