കെ.എസ്.ഇ.ബി -യൂണിയൻ ചർച്ച പൂർത്തിയായി; നേതാക്കളുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കും
|കെ.എസ്.ഇ.ബിയിലെ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം പ്രധാന ചർച്ചാ വിഷയമായെന്നും തൊഴിലാളി സംഘടനകൾക്ക് വിമർശനം ഉന്നയിക്കാനും അഭിപ്രായം അറിയിക്കാനും അവകാശം ഉണ്ടാകുമെന്ന് ചർച്ചയിൽ തീരുമാനമായെന്നും സർവീസ് സംഘടനാ നേതാക്കൾ
ഏറെ സമരങ്ങൾക്ക് വഴിവെച്ച പ്രശ്‌നങ്ങളിൽ രമ്യതയിലെത്തി കെ.എസ്.ഇ.ബി-യൂണിയൻ ചർച്ച. ഊർജ സെക്രട്ടറിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ചെയർമാനടക്കം പങ്കെടുത്ത യോഗത്തിലാണ് സൗഹാർദ്ദപരമായ ചർച്ച നടന്നത്. കെ.എസ്.ഇ.ബിയിലെ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം പ്രധാന ചർച്ചാ വിഷയമായെന്നും തൊഴിലാളി സംഘടനകൾക്ക് വിമർശനം ഉന്നയിക്കാനും അഭിപ്രായം അറിയിക്കാനും അവകാശം ഉണ്ടാകുമെന്ന് ചർച്ചയിൽ തീരുമാനമായെന്നും സർവീസ് സംഘടനാ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. പരസ്യ പ്രതികരണത്തിന് മുമ്പ് ബോർഡുമായി സംസാരിക്കണമെന്ന ഊർജ സെക്രട്ടറിയുടെ ആവശ്യം തങ്ങൾ അംഗീകരിച്ചതായും അവർ അറിയിച്ചു.
അതേസമയം, ഏറെ വിവാദമായ യൂണിയൻ നേതാക്കളുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കാനും തീരുമാനമായി. തിരികെ പഴയ സ്ഥലത്തേക്ക് തന്നെ മാറ്റം വേണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ സൗകര്യപ്രദമായ ഇടങ്ങളിൽ മാറ്റം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡയസ്‌നോൺ പിൻവലിക്കുന്നതു സംബന്ധിച്ച് നിയമപരമായ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് റൂമിൽ തള്ളിക്കയറിവർക്കെതിരായ നടപടി മറുപടിയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുമെന്നും ധരണയായി. ഇതോടെ പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികൾ അവസാനിപ്പിച്ചുവെന്ന് കെ.എസ്.ഇ.ബി.ഒ.എ അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
KSEB-Union talks over; Transfer of union leaders will be reconsidered