വൈദ്യുതി കരാർ റദ്ദാക്കിയ നടപടി; അന്വേഷണം ആവശ്യപ്പെട്ട് ഇടത് ഓഫീസേഴ്സ് സംഘടന
|465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതില്‍ അന്വേഷണം വേണമെന്ന് കെ.എസ്.ഇ.ബി.ഒ.എ.
തിരുവനന്തപുരം: 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതില്‍ അന്വേഷണം വേണമെന്ന് കെഎസ്ഇബിയിലെ ഇടത് അനുകൂല ഓഫീസേഴ്സ് സംഘടനയായ കെ.എസ്.ഇ.ബി.ഒ.എ. പൊതുതാത്പര്യത്തിന് അനുസൃതമായ തീരുമാനമല്ല റഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചതെന്നാണ് കെ.എസ്.ഇ.ബി.ഒ.എ ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്. രാജ്യത്തെ വൈദ്യുതി മേഖല അദാനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്നും കെ.എസ്.ഇ.ബി.ഒ.എ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ്കുമാര്‍ മീഡിയവണിനോട് പറഞ്ഞു.
2015ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മൂന്ന് വിതരണ കമ്പനികളുമായി ഒപ്പിട്ടതാണ് 465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങല്‍ കരാര്‍. ഏഴു വര്‍ഷം കേരളത്തെ പവര്‍ കട്ട് രഹിത സംസ്ഥാനമാക്കി മാറ്റിയ കരാര്‍ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മെയ്യിലാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്. യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിച്ച ഇടത് കരാര്‍ റദ്ദായതോടെ യൂണിറ്റിന് 10 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലായി കെഎസ്ഇബി. സിപിഎം തന്നെ അഴിമതി ആരോപിച്ച കരാര്‍ പക്ഷേ കേരളത്തിന് അനിവാര്യമായിരുന്നെന്ന് കെ.എസ്.ഇ.ബി.ഒ.എ ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കന്‍ കഴിഞ്ഞ ദിവസം തുറന്ന 500 മെഗാവാട്ടിന്റെ ടെന്‍ഡര്‍ കെഎസ്ഇബിയെ ഷോക്കടിപ്പിച്ചു. അദാനിയും, ഡിബി പവറും മാത്രം പങ്കെടുത്ത ടെന്‍ഡറില്‍ ഇരു കമ്പനികളും അവസാന ഘട്ടം കാണിച്ച തുക യൂണിറ്റിന് 6 രൂപ 88 പൈസയാണ്. അതായത് കരാര്‍ ഉറപ്പിച്ചാല്‍ ബോര്‍ഡിന് ഉണ്ടാകുന്നത് വലിയ സാമ്പത്തിക ബാധ്യത. മുമ്പ് കരാറിലേര്‍പ്പെട്ട കമ്പനികള്‍ ഒന്നും തന്നെ ടെന്‍ഡറില്‍ പങ്കെടുത്തില്ല.