തിരുവമ്പാടി KSRTC അപകടം; ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
|ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒയെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാർ ഇല്ലെന്നും,ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് മുപ്പതടിയോളം താഴ്ചയിലെ കാളിയാമ്പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട ബസിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയിരുന്നു. ബസിന്റെ ബ്രേക്കിനും ടയറിനും തകരാറുകളൊന്നുമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. അപകടം നടന്ന സ്ഥലത്തിന്റെ ഏതാനും മീറ്റർ അകലെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി അപകടത്തിൽപ്പെട്ട ബസ് ബ്രേക്കിട്ടതായി കണ്ടെത്തി. ബസിന് വേഗതയും കുറവായിരുന്നുവെന്നും സംഘം കണ്ടെത്തിയിരുന്നു.