സെപ്റ്റംബർ മാസത്തെ ശമ്പളം നൽകണം: സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി
|12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയുള്ള പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകേണ്ടെന്നാണ് തീരുമാനം
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം നല്കാനായി സർക്കാരിനോട് കെഎസ്ആർടിസി 50 കോടിയുടെ സഹായം ആവശ്യപ്പെട്ടു. ഒക്ടോബർ 5ന് ശമ്പളം നൽകാനാണ് ശ്രമിക്കുന്നതെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നേരത്തേ യൂണിയനുകൾക്ക് ഈ ഉറപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അമ്പത് കോടി ധനസഹായം ചോദിച്ചിരിക്കുന്നത്. മാനേജ്മെന്റിൽ നിന്നുള്ള 30 കോടി കൂടി ഉപയോഗിച്ച് 80 കോടിയാണ് നിലവിൽ ശമ്പളം നൽകാൻ ആവശ്യമായി വേണ്ടത്.
എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ കോൺഗ്രസ് അനുകൂല യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകേണ്ട എന്നാണ് മാനേജ്മെന്റിന്റെ തീരുമാനം. സമരം ചെയ്താൽ ശമ്പളമുണ്ടാകില്ലെന്നും സർവീസ് മുടക്കിയാൽ ക്രിമിനൽ കേസെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. അനിശ്ചിതകാല പണിമുടക്കിനാണ് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.