ആറു വര്‍ഷത്തെ അനിശ്ചിതാവസ്ഥ; ഒടുവില്‍ കെ.എസ്.ആര്‍.ടി.സി വ്യാപാര സമുച്ചയം തുറന്നു
|കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ വ്യാപാര സമുച്ചയം നാടിന് സമര്‍പ്പിച്ചു.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ വ്യാപാര സമുച്ചയം നാടിന് സമര്‍പ്പിച്ചു. ആറു വര്‍ഷത്തെ അനിശ്ചിതാവസ്ഥക്കു ശേഷമാണ് വ്യാപാര സമുച്ചയം പ്രവര്‍ത്തനം തുടങ്ങുന്നത്. മുപ്പത് വര്‍ഷത്തേക്കാണ് മുക്കം ആസ്ഥാനമായുള്ള ആലിഫ് ബില്‍ഡേഴ്സ് കെട്ടിടം കരാറിനെടുത്തിരിക്കുന്നത്.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ വ്യാപാര സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു വ്യാപാര സമുച്ചയത്തിന്‍റെ താക്കോല്‍ കൈമാറി. തുടര്‍ന്ന് ആലിഫ് ബില്‍ഡേഴ്സുമായി ധാരണാപത്രം ഒപ്പു വെച്ചു.ഇതോടെ ആറു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്.
75 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഹുനിലക്കെട്ടിടത്തിന്‍റെ പണി 2015ല്‍ പൂര്‍ത്തിയായതാണ്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സിയാണ് കെട്ടിടം നിര്‍മിച്ചത്.കരാറടിസ്ഥാനത്തില്‍ കെട്ടിടം വാടകക്ക് നല്‍കാനുള്ള നീക്കം അന്ന് മുതല്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ അത് വിജയിച്ചില്ല. ഒടുവില്‍ 17 കോടി രൂപയുടെ തിരിച്ചു നല്‍കാത്ത നിക്ഷേപവും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും നിശ്ചയിച്ചാണ് ആലിഫ് ബില്‍ഡേഴ്സിന് കെട്ടിടം കൈമാറിയിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് 250 കോടി രൂപയോളം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാക് ട്വിന്‍ ടവര്‍ എന്നാണ് വ്യാപാര സമുച്ചയത്തിന് പേര് നല്‍കിയിരിക്കുന്നത്. ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്. എ.കെ ശശീന്ദ്രന്‍,അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.