Kerala
കെ.എസ്.ആർ.ടി.സി സിറ്റി സർവീസുകളും സ്വിഫ്റ്റിലേക്ക്; ആദ്യഘട്ടം തിരുവനന്തപുരത്ത്
Kerala

കെ.എസ്.ആർ.ടി.സി സിറ്റി സർവീസുകളും സ്വിഫ്റ്റിലേക്ക്; ആദ്യഘട്ടം തിരുവനന്തപുരത്ത്

Web Desk
|
9 July 2022 1:01 AM GMT

സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹരജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയതോടെ സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറും ആശ്വാസത്തിലാണ്

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടിസിയുടെ ഹ്രസ്വദൂര സർവീസുകളും ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തിൽ പുതിയതായി ആരംഭിച്ച സിറ്റി സർക്കുലർ ഉടൻ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന ചർച്ചകൾ നടക്കുകയാണ്.

തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക ബസുകൾ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സ്വിഫ്റ്റിന് കീഴിലാകും. എറണാകുളത്തും കോഴിക്കോടും ഇതിന് ശേഷം പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹരജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയതോടെ സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറും ആശ്വാസത്തിലാണ്.

സ്വിഫ്റ്റ് കമ്പനി പതുകെ പതുക്കെ കെ.എസ്.ആർ.ടി.സിയെ വിഴുങ്ങും എന്ന ഭീതിയിലാണ് ജീവനക്കാർ. സ്വിഫ്റ്റിനെതിരായിട്ടുള്ള ഹർജികൾ തള്ളിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് കെ.എസ്.ആർ.ടിസിയിലെ പ്രതിപക്ഷ യൂണിയനുകളായ ടിഡിഎഫിൻറെയും ബിഎംഎസിൻറെയും തീരുമാനം.

Related Tags :
Similar Posts