'കെഎസ്ആർ ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കും': തൊഴിലാളി യൂണിയനുകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
|രണ്ട് മാസത്തെ ശമ്പള കുടിശ്ശിക നാളെ നൽകും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുമെന്ന് തൊഴിലാളി യൂണിയനുകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക നാളെ നൽകും .
പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിലുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചെന്നും ഇത് താഴേത്തട്ടിൽ ചർച്ച നടത്തേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും തൊഴിലാളി യൂണിയൻ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്നും രണ്ട് മാസത്തെ ശമ്പള കുടിശ്ശിക നാളെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും യൂണിയൻ കൂട്ടിച്ചേർത്തു
ഒക്ടോബർ ഒന്ന് മുതൽ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം ഇന്ന് ചർച്ചയ്ക്ക് മുന്നോടിയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചിരുന്നു. 55.87 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കോടി രൂപ കെഎസ്ആർടിസി ഫണ്ടിൽ നിന്നാണ് ലഭ്യമാക്കിയത്.