ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചു; പൊലീസില്‍ ഏല്‍പ്പിച്ചതായി പരാതി
|കൊല്ലം ഭാരതീപുരം സ്വദേശി ഷൈജുവിനാണ് മർദനമേറ്റത്
ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ച് അവശനാക്കി പൊലീസിൽ ഏല്‍പ്പിച്ചതായി പരാതി. കൊല്ലം ഭാരതീപുരം സ്വദേശി ഷൈജുവിനാണ് മർദനമേറ്റത്. ഷൈജു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കരൾ രോഗബാധിതനായ അനി എന്ന ഷൈജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 23ന് ചികിത്സ കഴിഞ്ഞ് പുനലൂർക്ക് കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങും വഴി മർദിച്ചു എന്നാണ് പരാതി. ആളൊഴിഞ്ഞ പിൻസീറ്റിൽ ക്ഷീണം തോന്നിയ ഷൈജു കിടന്നപ്പോൾ മദ്യപിച്ചു എന്ന് ആരോപിച്ച് ആയിരുന്നു കണ്ടക്ടർ രാജീവിന്റെ മർദനം. കൂടെയുണ്ടായിരുന്ന സഹോദരൻ തടഞ്ഞെങ്കിലും മർദനം തുടർന്നു. വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ കണ്ടക്ടറുടെ നിർദേശപ്രകാരം ഇവരെ എത്തിച്ചു. പൊലീസ് ആകട്ടെ വൈദ്യപരിശോധന പോലും നടത്താതെ 200 രൂപ പെറ്റി അടിക്കാൻ ശ്രമിച്ചതായും ഷൈജു പറയുന്നു.
കരൾരോഗം മൂലം കരൾ ബാന്റു ചെയ്തിരിക്കുന്നതും ഹിരണ്യയുടെ ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലുള്ള ആളുമാണ് ഷൈജു. ആക്രമണം നടത്തിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും സത്യാവസ്ഥ മനസിലാക്കാതെ പെറ്റിയടിക്കാൻ ശ്രമിച്ച പൊലീസുകാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.